◾ കൊച്ചിയില്‍ നടത്താനിരിക്കുന്ന സിനിമ നയ രൂപീകരണ കോണ്‍ക്ലേവില്‍ നിന്നും ആരോപണ വിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍. ഇക്കാര്യത്തില്‍ രണ്ട്, മൂന്ന് ദിവസത്തിനകം സര്‍ക്കാരില്‍ നിന്ന് തീരുമാനം ഉണ്ടാകും.ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ആരോപണ വിധേയര്‍ പദവികള്‍ രാജിവെക്കുന്നത് അവര്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനല്‍ കുറ്റമാണെന്നും കുറ്റാരോപിതരായ പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് പൂര്‍ത്തിവെച്ചതെന്നും ക്രിമിനല്‍ കുറ്റത്തിന് നേതൃത്വം കൊടുത്ത സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
◾ സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തില്‍ മുഴുവന്‍ വനിതാ ഉദ്യോഗസ്ഥര്‍ വേണമെന്നും നിലവില്‍ ആര്‍ക്കും അന്വേഷിക്കാം എന്ന മട്ടിലാണ് കാര്യങ്ങളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്ത്രീകള്‍ ആണ് പരാതിക്കാര്‍, അവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ വേണം. ഇതിപ്പോള്‍ പ്രസവ വാര്‍ഡ് എന്ന് പറഞ്ഞിട്ട് പുരുഷന്‍മാരെ കയറ്റി ഇരുത്തും പോലെ ആയെന്നും അദ്ദേഹം പരിഹസിച്ചു.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
◾ നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനത്തിട്ടും മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം. അവെയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. നാളത്തെ സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും. തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം.
◾ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ ടി പദ്മനാഭന്‍. ഹേമ കമ്മീഷന്‍ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി പദ്മനാഭന്‍ പറഞ്ഞു. സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നുവെന്നും ടി പദ്മനാഭന്‍ വിമര്‍ശിച്ചു. ഇരയുടെ ഒപ്പം ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ധീരയായ പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി പദ്മനാഭന്‍ വിമര്‍ശിച്ചു. പല കടലാസുകളും എവിടെയെന്ന് ചോദിച്ച ടി പദ്മനാഭന്‍ പല തിമിംഗലങ്ങളുടെയും പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയന് നടനും എംഎല്‍എയുമായ മുകേഷ് വിശദീകരണം നല്‍കിയെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. രാജിയ്ക്കായി പ്രതിപക്ഷമുള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നല്‍കിയത്.
◾ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അതേസമയം മുകേഷിന്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്ന നിലപാടിലാണ്് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജി കാര്യത്തില്‍ സിപിഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബിനോയ് വിശ്വം. എന്നാല്‍ മുകേഷിന്റെ രാജിക്കാര്യത്തില്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്പെ രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും കെ കെ ശൈലജയും പറഞ്ഞു.
◾ മുകേഷ് എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എംഎ ബേബി പറഞ്ഞു. ഇപ്പോള്‍ ലോക്സഭയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എംപിമാര്‍ക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവര്‍ക്കൊന്നുമെതിരെ കാണിക്കാത്തതാണു കൊല്ലം എംഎല്‍എക്കെതിരെ കാണിക്കുന്നത്. പാര്‍ട്ടിയുടെ ഘടകവുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കുവെന്നും എംഎ ബേബി പറഞ്ഞു.
◾ എംഎല്‍എ സ്ഥാനത്ത് നിന്നും മുകേഷ് സ്വമേധയാ രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ രാജി ആവശ്യപ്പെടാന്‍ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണെന്നും അവര്‍ പറഞ്ഞു.
◾ അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും നടി പാര്‍വതി തിരുവോത്ത്. മാധ്യമങ്ങളില്‍ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില്‍ അണിനിരന്നത്. സര്‍ക്കാര്‍ ഗുരുതരമായ നിരുത്തരവാദിത്തം പുലര്‍ത്തിയെന്നും പാര്‍വതി പറഞ്ഞു. കൂടുതല്‍ പരാതികളുമായെത്തിയ സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നുവെന്നും ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
◾ കൊച്ചിയിലെ നടിയുടെ പരാതിയില്‍ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയില്‍ പ്രതിയായ രഞ്ജിത്തും മുന്‍കൂര്‍ ജാമ്യം തേടാനായി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ തുടര്‍നടപടിയെന്താകുമെന്നതില്‍ പ്രതികള്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.
◾ മുകേഷ് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും , മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് കേസ് എടുത്തത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തു. സിനിമാ ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെയും പൊലീസ് കേസെടുത്തു. ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. അതോടൊപ്പം താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തു.
◾ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്.ഇനി നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
◾ മുകേഷ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കയ്യില്‍ കോഴിയുമായി എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൊല്ലത്ത് ചിന്നക്കടയില്‍ റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവര്‍ക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. നഗരത്തില്‍ മറ്റൊരിടത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിക്കുന്നുണ്ട്.
◾ അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് തമിഴ് നടന്‍ വിശാല്‍. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് മടിക്കുമെന്നും നടന്‍ വിശാല്‍ പറഞ്ഞു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും താരം പ്രതികരിച്ചു. വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിശാല്‍ പറഞ്ഞു.
◾ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് സമര്‍പ്പിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. സംഘടനകളെ എതിര്‍ക്കാനല്ല, മറിച്ച് സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തിരുത്തല്‍ നടപടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സാന്ദ്ര പറഞ്ഞു.ഞാന്‍ ജോലി ചെയ്യുന്ന മേഖല ഇത്ര കണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടമാണ് എന്നറിയുന്നതില്‍ കടുത്ത അമര്‍ഷവും ദുഖവും പേറുകയാണ് താനെന്നും സാന്ദ്ര കത്തില്‍ പറയുന്നു.
◾ ആഷിഖ് അബുവിന്റെ പല സിനിമകളില്‍ നിന്നും ഫെഫ്ക അംഗങ്ങള്‍ പിന്‍വാങ്ങാനൊരുങ്ങിയപ്പോള്‍ അത് പരിഹരിച്ചത് ബി.ഉണ്ണികൃഷ്ണനെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗം ബെന്നി ആശംസ. വിനയന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിക്കുന്നതെന്നും വിനയനോ ആഷിഖ് അബുവോ എന്തെങ്കിലും വിവരക്കേട് വിളിച്ചുകൂവിയാല്‍ തകര്‍ന്ന് പോകുന്ന സംഘടനയല്ല ഫെഫ്ക എന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
◾ ബ്രോ ഡാഡി' സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ബ്ലാക്മെയില്‍ ചെയ്‌തെന്നുമാണ് ആരോപണം.
◾ സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, യൂട്യൂബറായ 'ആറാട്ടണ്ണന്‍' എന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
◾ കേരളത്തില്‍ വരുന്ന ദിവസങ്ങളിലും മഴക്ക് സാധ്യത. വടക്ക് കിഴക്കന്‍ അറബികടലില്‍ ചുഴലിക്കാറ്റിനും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
◾ കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ കേസിലെ പ്രതി അഖില്‍ സി.വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഖിലിനെ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാന്‍ സാധിക്കാത്തതില്‍ വലിയ വിമര്‍ശനമുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
◾ ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരന്‍ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം നാലാം വാര്‍ഡില്‍ കോപ്പായില്‍ കണ്ടത്തിച്ചിറ സദാശിവന്റെ മകന്‍ സാംജിത്താണ് മരിച്ചത്. ചേര്‍ത്തല ചെങ്ങണ്ടയില്‍ ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
◾ ബോട്ട് തകര്‍ന്ന് ചെങ്കടലില്‍ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. യാംബു പട്ടണത്തോട് ചേര്‍ന്നുള്ള കടല്‍ഭാഗത്താണ് മറൈന്‍ ബോട്ട് അപകടമുണ്ടായത്. സൗദി കോസ്റ്റ് ഗാര്‍ഡ് യാംബു സെക്ടറിലെ ബോര്‍ഡര്‍ ഗാര്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമാണ് രക്ഷപ്പെടുത്തിയത്.
◾ അറ്റകുറ്റപ്പണികള്‍ക്കായി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പുതിയ അപ്പോയിന്റ്‌മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചു. ഓഗസ്റ്റ് 20 രാത്രി എട്ട് മുതല്‍ സെപ്റ്റംബര്‍ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക.
◾ മലേഷ്യ സന്ദര്‍ശനത്തിനിടെ റോഡില്‍ പെട്ടന്നുണ്ടായ കുഴിയില്‍ ഇന്ത്യക്കാരിയെ കാണാതായിട്ട് അഞ്ച് ദിവസം. കുടുംബാംഗങ്ങള്‍ക്കൊപ്പം ക്വാലാലംപൂരിലെ ജലാന്‍ ഇന്ത്യ മസ്ജിദിന് സമീപത്തെ നടപ്പാതയിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ കുപ്പത്തിലുള്ള അനിമിഗാനിപള്ളി സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലിയെ കാണാതായത്. തെരച്ചില്‍ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിജയ ലക്ഷ്മിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
◾ രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയെ ജയില്‍ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് ദര്‍ശന്‍ പുക വലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യം പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.
◾ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രതിമയുടെ നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഗുലാം നബി ആസാദ് ഇറങ്ങില്ല. അസുഖബാധിതാനായതിനാലാണ് പ്രചാരണത്തിന് വരാന്‍ കഴിയാത്തതെന്ന് ഡി.പി.എ.പി. സ്ഥാപകനായ ഗുലാം നബി ആസാദ് അറിയിച്ചു.
◾ ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനിടയില്‍ ജനങ്ങളെ ഭീതിയിലാക്കി മുതലകളുടെ സാന്നിധ്യം. വഡോദരയിലെ വിവിധ മേഖലകളില്‍ വെള്ളം കയറിയതോടെയാണ് മുതലകളും ജനവാസമേഖലയിലെത്തിയത്. മുതലകളെ ഭയന്ന് വീടിന് പുറത്തിറങ്ങാനാകാതെ പരിഭ്രാന്തിയിലാണ് ജനങ്ങള്‍.
◾ ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡായ എന്‍സിടി ഗായകന്‍ ടെയ്ല്‍ ബാന്‍ഡ് ഗ്രൂപ്പ് വിട്ടു. ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നീക്കം. ബുധനാഴ്ചയാണ് ടെയ്ല്‍ എന്നറിയപ്പെടുന്ന മൂണ്‍ ടെയ്-ഇല്‍ ആണ് ഇക്കാര്യം വിശദമാക്കിയത്.
◾ മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂണ്‍ ഇന്ത്യ സമ്പന്നപട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.
➖➖➖➖➖➖➖➖
Post a Comment