കോഴിക്കോട് ജില്ല പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഫാം ടൂറിസ വികസന പദ്ധതിയുടെ നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായി ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ചെയർപേഴ്സണായും ജില്ല പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കൺവീനറായും സൊസൈറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം എടുത്തത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വികസനകാര്യ സഥിരം സമിതി അധ്യക്ഷ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരും കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ ഒരു പ്രതിനിധി, ഒരു കർഷക പ്രതിനിധി എന്നിവരും വൈസ് ചെയര്‍മാൻമാരായിരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ പ്രതിനിധിയായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫും കർഷക പ്രതിനിധിയായി തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവലും ഈ സ്ഥാനത്തേക്ക് ഏക കണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. കർഷക പ്രതിനിധിയായ വൈസ് ചെയര്‍മാന് പദ്ധതിയുടെ കോ ഓർഡിനേറ്റർ എന്ന ഉത്തരവാദിത്വവും ഉണ്ടായിരിക്കും.
പദ്ധതി നടപ്പിലാക്കുന്ന മേഖലകളിലെ തദ്ദേശസ്വയംഭരണ അദ്ധ്യക്ഷർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ ഭാഗമാകുന്ന കർഷകർ എന്നിവർ സൊസൈറ്റി അംഗങ്ങളായിരിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് ഫാം ടൂറിസത്തിനായി പദ്ധതി തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. പരീക്ഷണാടിസ്ഥാനത്തിൽ, കൊടുവള്ളി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലാണ് ഇപ്പോൾ പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്നത് എന്നും ഈ പദ്ധതിക്കായുള്ള പ്രത്യേക സൊസൈറ്റി രൂപീകരണത്തിലൂടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാകുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസിഡണ്ട് അഡ്വ പി.ഗവാസ് എന്നിവർ അറിയിച്ചു.
Post a Comment