Oct 17, 2024

നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ


എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only