Nov 8, 2024

നവീൻ‌ ബാബുവിന്റെ മരണത്തിൽ ദുഃഖം; നിരപരാധിത്വം തെളിയിക്കും’: ജയിൽ മോചിതയായി പി.പി.ദിവ്യ


കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജയിൽമോചിതയായി. കോടതി ഉത്തരവ് വന്നതിനു പിന്നാലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദിവ്യ ജയിലിൽനിന്നു പുറത്തിറങ്ങിയത്. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നും ദിവ്യ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

‘‘നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്. പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 2 പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഒരുപാട് ഉദ്യോഗസ്ഥരുമായിട്ടും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽപെട്ട മറ്റു പ്രതിനിധികളുമായിട്ടൊക്കെ സഹകരിച്ചു പോരുന്ന ഒരാളാണ് ഞാൻ. സദുദ്ദേശ്യപരമായിട്ടേ ഏതു ഉദ്യോഗസ്ഥരുമായിട്ടും സംസാരിക്കാറുള്ളൂ. ഞാൻ ഇപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം കോടതിയിൽ ഞാൻ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള അവസരം എനിക്ക് കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.’’– ജയിലിനു പുറത്തു മാധ്യമങ്ങളെ കണ്ട ദിവ്യ പറഞ്ഞു
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി.ദിവ്യ, പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only