കൽപ്പറ്റ: വയനാട് പനമരത്ത്
പൊലീസ് പോക്സോ കേസിൽ
പെടുത്തിയെന്നാരോപിച്ച് യുവാവ്
പുഴയിൽ ചാടി ജീവനൊടുക്കി.
അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിൻ
ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ്
തന്റെ സങ്കടം വിവരിച്ച്
ഫേസ്ബുക്കിൽ വീഡിയോ
അപ്ലോഡ് ചെയ്തിരുന്നു.
പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണ് എന്നാണ് കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നത്. ഓട്ടോറിക്ഷയിൽ പെൺകുട്ടിയുമായി സംസാരിച്ചത് ആളുകൾ ചോദ്യം ചെയ്യുകയും തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് പൊതുസ്ഥലത്ത് ബഹളം വെച്ചതിന് കേസെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സുഹൃത്തുമായി വഴിയിൽ സംസാരിച്ചതിന് പോക്സോ കേസാണ് പൊലീസെടുത്തതെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. നിരപരാധിയാണോ എന്ന് പൊലീസിന് ചോദിക്കാമായിരുന്നു. പോക്സോ കേസിൽ പെട്ടതിനാൽ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകൾ തന്നെ ആ കണ്ണിൽ മാത്രമേ കാണൂ. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ല. മരിക്കാൻ പോകുകയാണ്.... - യുവാവ് വിഡിയോയിൽ പറഞ്ഞു.
രതിനെ കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയിരുന്നു. പരാതിയിൽ പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തുകയായിരുന്നു.
Post a Comment