Dec 20, 2024

ഓര്‍മ്മ ഉണ്ട്, സംസാരിക്കാനാവുന്നില്ല'; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ എം.എൻ കാരശ്ശേരി


കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി. അദ്ദേഹം ഐസിയുവിലാണ്. അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി എംടിക്ക് ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എന്‍ കാരശ്ശേരി.

'എംടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം ഗുരുതരാവസ്ഥയിലാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച്‌ കണ്ണടച്ച്‌ കിടക്കുകയാണ്. നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന് പറഞ്ഞു. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച്‌ ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രാണവായു കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്'- എം എന്‍ കാരശ്ശേരി പറഞ്ഞു.

'പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. ശരീരത്തിന്റെ ക്ഷീണം കൊണ്ടും മയക്കം കൊണ്ടുമായിരിക്കാം കണ്ണ് തുറക്കാതിരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ മക്കളോട് സംസാരിച്ചു. ഓര്‍മ്മയും കഥയുമൊക്ക ഉണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഉള്ളതായിട്ട് തോന്നിയില്ല.'- കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only