Feb 24, 2025

ജാമ്യാപേക്ഷ തള്ളി; പി.സി. ജോർജ് ജയിലിലേക്ക്, മാർച്ച് 10 വരെ റിമാൻഡിൽ


ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എൽ.എയുമായ പി.സി. ജോർജിനെ റിമാൻഡുചെയ്‌തു. ജാമ്യാപേക്ഷ തള്ളിയ കോടതി, മാർച്ച് 10 വരെയാണ് പിസിയെ റിമാൻഡുചെയ്‌തിരിക്കുന്നത്‌. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.


രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാലുമണിക്കൂർ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാൽ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാൽ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാൽ കോടതി അതിനുമുൻപേ അപേക്ഷ പരിഗണിക്കുകയായിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ പി.സി. ജോർജ് തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയിൽ ഹാജരായത്. ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർചെയ്തിരുന്നത്

മുപ്പതുവർഷത്തോളം എം.എൽ.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് പറഞ്ഞാണ് ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളിൽ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പി.സി. ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്‌പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ പി.സി. ജോർജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only