അമ്പലപ്പുഴ : വെളിച്ചെണ്ണയ്ക്ക് പൊന്നും വിലയായതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം. പരിശോധനയും നടപടിയുമില്ല.
താനും ആഴ്ച മുൻപു വരെ 250 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ വില 280 കടന്നു. വില അടുത്തിടെ തന്നെ 300 കടക്കാനാണ് സാധ്യത. തേങ്ങായ്ക്ക് ക്ഷാമമായതോടെയാണ് വെളിച്ചെണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്.
കേരളത്തിന്‍റെ പേരില്‍ കേരമുണ്ടെങ്കിലും മലയാളിക്ക് ഉപയോഗിക്കണമെങ്കില്‍ തേങ്ങ തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍നിന്നെത്തണം. കേര കർഷകർ ഒരു കിലോ തേങ്ങ 25 രൂപയ്ക്കാണ് മൊത്തമായി നല്‍കുന്നത്. എന്നാല്‍, ചില്ലറ വിപണിയില്‍ തേങ്ങ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെ നല്‍കണം.
പാരാഫിൻ
ഒരു തേങ്ങ ആട്ടിയാല്‍ 100 ഗ്രാമില്‍ താഴെ വെളിച്ചെണ്ണ മാത്രമേ ലഭിക്കൂ. ഒരു കിലോ തേങ്ങ ആട്ടിയാല്‍ 600 മുതല്‍ 650 ഗ്രാം വരെ മാത്രമേ വെളിച്ചെണ്ണ ലഭിക്കൂ. തേങ്ങയ്ക്ക് വില വർധിച്ചതോടെയാണ് വിപണിയില്‍ വ്യാജവെളിച്ചെണ്ണ സുലഭമായത്. ഇപ്പോഴത്തെ തേങ്ങയുടെ വിലയ്ക്ക് മായമില്ലാത്ത വെളിച്ചെണ്ണ വില്‍ക്കണമെങ്കില്‍ 280 രൂപയെങ്കിലുമാകുമെന്നാണ് കേര കർഷകർ പറയുന്നത്.
ഇതോടെയാണ് വിപണിയില്‍ വ്യാജൻ ഒഴുകിത്തുടങ്ങിയത്. പാരാഫിൻ എന്ന രാസവസ്തു ചേർത്ത വ്യാജ വെളിച്ചെണ്ണയാണ് വിപണിയില്‍ സുലഭമായത്. 750 ഗ്രാം വെളിച്ചെണ്ണയില്‍ 250 ഗ്രാം പാരാഫിനും കൂടി ചേർത്ത് 250 മുതല്‍ 270 വരെ കുറഞ്ഞ നിരക്കിലെത്തുന്ന വെളിച്ചെണ്ണ വാങ്ങാനും ആളുണ്ട്.
പലരും വ്യാജ വെളിച്ചെണ്ണയാണെന്ന് അറിയാതെ വില കുറച്ച് ലഭിക്കുന്ന ഇത്തരം വെളിച്ചെണ്ണ വാങ്ങുകയാണ്.
ഇത്തരം വെളിച്ചെണ്ണയുടെ ഉപയോഗം കാൻസർ ഉള്‍പ്പെടെയുള്ള മാരകരോഗത്തിനു കാരണമാകുമെന്നതിലും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ ഇത്തരം വില്‍പ്പനയ്ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വെളിച്ചെണ്ണയ്ക്ക് വില കുത്തനെ ഉയർന്നതോടെ ഇത്തരം മായം കലർന്ന വെളിച്ചെണ്ണയാണ് പല പൊരിക്കടകളിലും വ്യാപകമായി ഉപയോഗിക്കുന്നത്.
എന്നിട്ടും ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ യാതൊരു പരിശോധനയും നടത്താൻ തയാറായിട്ടില്ല. തേങ്ങാ വില ഉയർന്നാല്‍ വെളിച്ചെണ്ണ ഇനി സാധാരണക്കാർക്ക് അന്യമാകാനാണ് സാധ്യത.
Post a Comment