തിരുവനന്തപുരം: വെഞ്ഞാറമൂടെ കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ്. ഇതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഏത് തരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചത് എന്ന കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും ഡി.വൈ.എസ്.പി. അരുൺ മാധ്യമങ്ങളോട് പറഞ്ഞു. ലത്തീഫിൻ്റെ വീട്ടിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അതിക്രൂരമായാണ് ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തിയത്. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. നെഞ്ചിന് മുകളിൽ ആണ് മർദ്ദിച്ചിരിക്കുന്നത്. തലയ്ക്കാണ് ഏറ്റവും കൂടുതൽ മർദ്ദനമേറ്റിരിക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ചുറ്റിക ഉപയോഗിച്ചാണ് പ്രതി ഇരുവരേയും കൊലപ്പെടുത്തിയതെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. ഇവരുടെ ശരീരത്തിൽ നിന്ന് ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നും ബന്ധുക്കളുടെ മൊഴി കൂടി പരിശോധിച്ച് ബാക്കി കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അലമാര കുത്തിപ്പൊളിക്കാൻ പ്രതി ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് പത്തീഫ് അഫാന്റെ വീട്ടിലെത്തിയതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലതവണ ആഭരണങ്ങൾ പണയം വെച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കൂടുതൽ തെളിവ് ലഭിച്ചാലെ കാര്യങ്ങൾ പറയാൻ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു. അതും അന്വേഷണത്തിന് പരിധിയിൽ ഉൾപെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ആക്രമണത്തിന് പല കാരണങ്ങളുണ്ടാകാമെന്നും ഈ ഘട്ടത്തിൽ പറയുന്നത് ശരിയാകില്ലെന്നും പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം
പറഞ്ഞു.
ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് ലത്തീഫിനെയാണെന്നാണ് വിവരം. 20 തവണ തലക്കടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റു ലഹരികളെന്തൊക്കെ ഉപയോഗിച്ചുവെന്ന കാര്യം അന്വേഷിച്ചു വരികയാണ്. പ്രതി നൽകുന്ന മൊഴികൾ പോലീസ് പൂർണ്ണമായും വിശ്വാസ്യതയിൽ എടുത്തിട്ടില്ല.
പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയേയും എന്തിന് കൊലപ്പെടുത്തി എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. പോലീസ് അന്വേഷിച്ചു വരികയാണ്. അഫാന്റെ മാതാവ് ലത്തീഫിൻ്റെ പക്കൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ നേരത്തെ വാങ്ങിച്ചിരുന്നുവെന്നാണ് അഫാന്റെ പിതാവിന്റെ മൂത്ത സഹോദരൻ ബദറുദ്ദീൻ പറഞ്ഞത്. ഈ പണം തിരികെ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഇതോടൊപ്പം, അഫാൻ ഫർസാനയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വിഷയം രമ്യതയിലാക്കാൻ ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു. ഒരുപക്ഷെ ലത്തീഫ് ഈ വിഷയത്തിൽ ഇടപെട്ടത് അഫാനെ പ്രകോപിതനാക്കിയിരിക്കണം എന്നാണ്
കരുതതപ്പെടുന്നത്.

Post a Comment