Feb 25, 2025

ഹജ്ജിന് ഉയര്‍ന്ന വിമാന നിരക്ക്; കുഴപ്പം കരിപ്പുര്‍ വിമാനത്താവളത്തിന്റേതെന്ന് കേന്ദ്രം


കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാനനിരക്ക് നൽകേണ്ടിവരുന്നു എന്ന ആരോപണം ശരിവച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികൾ, കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കുറയുന്നത് എന്നിവ കാരണമാണ് യാത്രാനിരക്ക് വർധിക്കുന്നത് എന്ന് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി അറിയിച്ചു.

കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരുന്നതിനേക്കാൾ കൂടുതൽ യാത്രാ നിരക്ക് കോഴിക്കോട് വഴി പോകുന്നവർക്ക് നൽകേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗം ഹാരിസ് ബീരാൻ നൽകിയ കത്തിന് നൽകിയ മറുപടിയിലാണ് സിവിൽ വ്യോമയാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവർ അധികമായി 40000 രൂപ വരെ നൽകേണ്ടി വരുന്നു എന്നാണ് കത്തിൽ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടിയിരുന്നത്.

വിമാന ലഭ്യത, റൂട്ട്, വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വിമാന യാത്രാനിരക്കെന്ന് വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. കരിപ്പുരിലേത് ടേബിൾ ടോപ്പ് റൺവേ ആണ്. റൺവേയുടെ പരിമിതികൾ കാരണം വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താനാകില്ല. അതുകൊണ്ട് ചെറിയ വിമാനങ്ങളിൽ കുറച്ചുപേർക്ക് മാത്രമേ പോകാൻ കഴിയുകയുള്ളു. ഇതാണ് വിമാന യാത്രാനിരക്ക് കൂടാൻ കാരണം എന്നാണ് കേന്ദ്രം സർക്കാർ പറയുന്നത്.

കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കുറയുന്നതായും കേന്ദ്രം വ്യക്തമാക്കി. 2024-ൽ 9770 പേരാണ് കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്. എന്നാൽ ഇത്തവണ 5591 പേർ മാത്രമാണ് കരിപ്പൂർ വഴി പോകുന്നത് എന്നും കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി കൂട്ടിച്ചേർത്തു. യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ നിരക്കിൽ മാറ്റമില്ലെന്നാണ് ഹാരിസ് ബീരാന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

  

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only