Apr 12, 2025

സുപ്രീം കോടതിക്ക് വിധിക്ക് പിന്നാലെ തമിഴ്‌നാടിന്റെ ചരിത്രനീക്കം; ഗവർണറുടെ ഒപ്പില്ലാതെ 10 ബില്ലുകൾ നിയമമാക്കി


ചെന്നൈ: ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ചരിത്ര നീക്കം. തമിഴ്നാട് ​ഗവർണർ ആർ.എൻ. രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും നിയമങ്ങളായി ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാവുന്നത്.


2020-ൽ പാസാക്കിയ ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ അം​ഗീകാരം നൽകാതെ മാറ്റി വെച്ചിരുന്നു. ഗവർണർ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ 2023-ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
പത്തു ബില്ലുകൾ തടഞ്ഞുവെച്ച ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ബില്ലുകൾക്ക് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ വെബ്‌സൈറ്റിൽ വിധി അപ്ലോഡ് ചെയ്തതിന് തൊട്ട് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ അസാധാരണ നടപടി. സർവകലാശാല ഭേദഗതി ബില്ല് ഉത്പാപടെയുള്ളവയാണ് നിയമമാക്കിയത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിച്ചിരുന്നു. ഗവർണർ ബില്ലുകൾ അയച്ചാൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. കാലതാമസം ഉണ്ടായാൽ ഇക്കാര്യം സംസ്ഥാനത്തെ അറിയിക്കണം. സമയപരിധി പാലിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only