നിലമ്പൂർ : ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ.
വി.എസ് അച്യുതാനന്ദനെ കുറിച്ചുള്ള ചർച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ജയില്‍ചാട്ടം കൊണ്ടുവന്നതെന്നും ജയില്‍ ഉദ്യോഗസ്ഥർ തന്നെ ഗോവിന്ദച്ചാമിയെ പുറത്തുകൊണ്ടുപോയി വിട്ടതാണെന്നും അൻവർ ആരോപിച്ചു.
ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം പി.വി അൻവർ പുനരാവിഷ്കരിച്ചു. ഒറ്റക്കൈ ഉപയോഗിച്ച് ഒരാള്‍ക്ക് കണ്ണൂർ സെൻട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാൻ സാധിക്കില്ലെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു അൻവറിന്റെ ജയില്‍ച്ചാട്ട പുനരാവിഷ്കാരം. മഞ്ചേരിയിലെ തന്റെ പാർക്കിലെ മതിലിലായിരുന്നു അൻവർ ജയില്‍ച്ചാട്ടം പുനരാവിഷ്കരിച്ചത്.
മൂന്ന് ഡ്രമ്മുകള്‍ മതിലിനോട് ചേർത്ത് വെച്ച്, ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതില്‍ ചാടിക്കടന്നത് എന്ന ജയില്‍ ഉദ്യോഗസ്ഥരുടെ വാദത്തെ ഇല്ലാതാക്കാനായിരുന്നു അൻവറിന്റെ ശ്രമം. ജയില്‍ച്ചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിരിക്കാമെന്ന് അൻവർ പറഞ്ഞു.
'പിവിസി പൈപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ട് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വെച്ച ശേഷം തുണി മറച്ച് കെട്ടിവെച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവെച്ചപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടില്ലേ.
രണ്ടു കൈ ഇല്ലാത്ത ഒരാള്‍ ഡ്രമ്മില്‍ നിന്ന് തുണിയില്‍ ചാടിപ്പിടിച്ചത് എങ്ങനെയാണ്. പറക്കും തളിക വരേണ്ടിവരും. രാവിലെ വരെ ജയില്‍ ചുറ്റുഭാഗത്ത് തന്നെ ഗോവിന്ദച്ചാമി നില്‍ക്കുകയായിരുന്നു. എന്തുകൊണ്ട് ട്രെയിനിലോ ലോറിയിലോ കയറി രക്ഷപ്പെട്ടില്ലെന്നും' അൻവർ ചോദിച്ചു.
Post a Comment