ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം തകർന്നുമരിച്ച യുകെ പൗരൻമാരുടെ മൃതദേഹം മാറിപ്പോയെന്ന ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
തങ്ങൾക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബമാണ് രംഗത്തെത്തിയത്. ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്ലി മെയിൽ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ യു.കെ സന്ദർശനത്തിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
'സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട നിമിഷംമുതൽ യുകെ അധികൃതരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. ദാരുണമായ അപകടത്തിന് പിന്നാലെതന്നെ പതിവ് പ്രോട്ടോക്കോളുകളും സാങ്കേതികതയും അനുസരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കൈകാര്യംചെയ്തത് വളരെയധികം പ്രോഫഷണലിസത്തോടെയും മരിച്ചവരോടുള്ള വലിയ ആദരവോടെയുമാണ്', രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
തങ്ങൾക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് മരിച്ച രണ്ട് യുകെ പൗരൻമാരുടെ കുടുംബാംഗങ്ങൾ ആരോപിച്ചത്. യുകെയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്. ലഭിച്ചിരിക്കുന്ന മൃതദേഹം മറ്റാരുടേതോ ആണെന്നാണ് ഇവർ പറയുന്നത്. കുടുംബങ്ങൾക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നത്.
തങ്ങൾക്ക് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ലണ്ടനിൽ വീണ്ടും ഡിഎൻഎ പരിശോധന നടത്തിയതോടെയാണ് പൊരുത്തക്കേടുകൾ വെളിച്ചത്തുവന്നതെന്നാണ് കുടുംബം പറയുന്നത്. ഇന്ത്യയിൽവെച്ച് നടത്തിയ പരിശോധനയിൽ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതിൽ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഇവരിൽ ഒരാളുടെ കുടുംബം സംസ്കാരച്ചടങ്ങുകൾ റദ്ദാക്കിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഒരു പെട്ടിയിൽ ഒരുമിച്ച് അയച്ചതായും ആരോപണമുണ്ട്.
Post a Comment