തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമാണ് സംസ്കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്താൻ തീരിമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്ച മുമ്പാണ് വിപഞ്ചിക ഷാർജയിൽ ആത്മഹത്യ ചെയ്തത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യു.എ.ഇ സമയം 5.45നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് എത്തിച്ചത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയായിരുന്നു. ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികൾ പൂർത്തീകരിച്ചത്.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബൽ അലി ശ്മശാനത്തിൽ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് കൊടിയ പീഡനം നേരിടുകയാണെന്ന വിവരം പുറത്തറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു.
ഇതിനിടെയാണ് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് നിതീഷ് വക്കീൽ നോട്ടിസ് അയച്ചത്. ഇതായിരിക്കാം ആത്മഹത്യയുടെ കാരണം എന്നാണ് കുടുംബം കരുതിയത്. ഇതിനിടെയാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. ഇതിലൂടെയാണ് പീഡനവിവരങ്ങളും നിതീഷിന്റെ സ്വഭാവ വൈകൃതങ്ങളും എല്ലാം കുടുംബം അറിയുന്നത്
Post a Comment