Aug 16, 2025

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു


ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ  നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്  150 പാലങ്ങൾ പൂർത്തിയാവുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സർക്കാർ അധികാരത്തിൽ വന്നപ്പോൾ, നാടിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്ന പാലങ്ങളുടെ സ്‌ഥിതി പരിശോധിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും അഞ്ച് വർഷത്തിൽ 100 പാലങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശോധനകളും പ്രവർത്തനങ്ങളും നടത്തുകയുമുണ്ടായി. ഇതാണ് 150 പാലങ്ങളെന്ന നേട്ടത്തിലേക്ക് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടിയിലെ പണി നടന്നുകൊണ്ടിരിക്കെ തൊറായിക്കടവ് പാലം തകർന്നതിന്റെ റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് നടപടികൾ സ്വീകരിക്കും. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കാർഷിക, ടൂറിസം മേഖലയ്ക്ക് പുത്തനുണർവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ ചലിപ്പുഴക്ക് കുറുകെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലം 7.85 കോടി രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. 55 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചത്. രണ്ട് വശങ്ങളിലായി 1.5 മീറ്റര്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നൂറാം തോട് ഭാഗത്തേക്ക് 142 മീറ്ററും കോടഞ്ചേരി ഭാഗത്തേക്ക് 84 മീറ്ററും നീളത്തില്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ അപ്രോച്ച് റോഡും ഇതില്‍ ഉള്‍പ്പെടുന്നു


പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോർജ് എം തോമസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ്‌ ജമീല അസീസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only