Aug 24, 2025

20 രൂപയുടെ വെള്ളത്തിന് 100 രൂപ വാങ്ങുന്നത് എന്തിന്?' റെസ്റ്റോറന്റുകളിലെ സര്‍വീസ് ചാര്‍ജ് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി


20 രൂപയുടെ വെള്ളത്തിന് 100 രൂപ എന്ന് രേഖപ്പെടുത്തുന്നത് എന്തിനാണെന്നും ബാക്കിയുള്ള 80 രൂപ നിങ്ങള്‍ ഒരുക്കുന്ന നല്ല സൗകര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി

റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. റെസ്റ്റോറന്റുകളിലെ ആകര്‍ഷകമായ അന്തരീക്ഷത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഉയര്‍ന്ന വില ഈടാക്കുന്നതെന്ന് പറയുന്ന റെസ്റ്റോറന്റ് അസോസിയേഷനുകളോടാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം ഉന്നയിച്ചത്. സിംഗിള്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിച്ച ഹോട്ടല്‍, റെസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭിഭാഷകരോടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.


നേരത്തെ, സിംഗിള്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവില്‍, റെസ്റ്റോറന്റുകള്‍ക്ക് നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഈ രീതി പൊതുതാല്‍പര്യത്തിന് എതിരാണെന്നും ഇത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 20 രൂപ വിലയുള്ള ഒരു വെള്ളക്കുപ്പിക്ക് റെസ്റ്റോറന്റ് 100 രൂപ ഈടാക്കുമ്പോള്‍, ഉപഭോക്താവ് എന്തിനാണ് സേവനത്തിന് അധികമായി പണം നല്‍കേണ്ടതെന്ന് ദേശീയ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍എഐ) എന്നിവയോട് കോടതി ചോദിച്ചു.


മെനുവില്‍ 20 രൂപയുടെ വെള്ളത്തിന് 100 രൂപ എന്ന് രേഖപ്പെടുത്തുന്നത് എന്തിനാണെന്നും അതില്‍ ബാക്കിയുള്ള 80 രൂപ നിങ്ങള്‍ ഒരുക്കുന്ന നല്ല സൗകര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. നിങ്ങള്‍ നല്‍കുന്ന സേവനത്തിന്റെ ഭാഗമാണ് അന്തരീക്ഷം ഒരുക്കുന്നതെന്നും എംആര്‍പിയേക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞു.മാര്‍ച്ച് 28-ലെ ഉത്തരവില്‍, സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്ക് 'ഇരട്ടപ്രഹരമാണെന്ന്' കോടതി വിശേഷിപ്പിച്ചിരുന്നു. കാരണം സര്‍വീസ് ടാക്‌സിന് പുറമെ ജിഎസ്ടിയും ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only