ന്യൂഡൽഹി: ഛത്തീസ്ഗഢിൽ രണ്ട്
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിന് കാരണമായ കേസിൽ തെറ്റായ മൊഴി നൽകാൻ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി യുവതികളിലൊരാൾ പറഞ്ഞു. കന്യാസ്ത്രീകൾ നിഷ്കളങ്കരാണ്. തന്റെ മൊഴി ശരിയായി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്നും കമലേശ്വരി പ്രഥാൻ (21) ആരോപിച്ചു.
കമലേശ്വരി ഉൾപ്പെടെ മൂന്ന് യുവതികളുമായി പോകുമ്പോഴാണ് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കന്യാസ്ത്രീകൾ അറസ്റ്റിലായത്. യുവതികളെ പിന്നീട് പോലീസ് വിട്ടയച്ചിരുന്നു. തൻ്റെ കുടുംബം അഞ്ചുവർഷമായി ക്രിസ്തുമതമാണ് പിന്തുടരുന്നതെന്ന് ആദിവാസി വിഭാഗക്കാരിയായ കമലേശ്വരി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തുതു. ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിയ റെയിൽവേ പോലീസ് പോലീസ്സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെവെച്ച് ജ്യോതി ശർമ മൊഴിമാറ്റാനാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തു. പിന്നീട് താൻ പറഞ്ഞതല്ല പോലീസ് മൊഴിയായി രേഖപ്പെടുത്തിയതെന്നും കമലേശ്വരി ആരോപിച്ചു.
അതേസമയം, ബജ്റംഗ്ദളിൻ്റെ ദുർഗിലെ യൂണിറ്റ് കൺവീനർ രവി നിഗം ഈ ആരോപണം നിഷേധിച്ചു. തങ്ങൾ ആരേയും ഭീഷണിപ്പെടുത്തുകയോ മർദിക്കുകയോ ചെയ്തിട്ടില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും രവി നിഗം പറഞ്ഞു.
രക്ഷിതാക്കളുടെ സമ്മതപ്രകാരവും തന്റെ ഇഷ്ടപ്രകാരവുമാണ് കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്ന് കമലേശ്വരി പറഞ്ഞു. ആരും തന്നെ കടത്തിക്കൊണ്ടുപോയതല്ല. ആഗ്രയിൽനിന്ന് ഭോപാലിലേക്ക് പോകാനും അവിടെ ഒരു ക്രിസ്ത്യൻ ആശുപത്രിയിൽ ജോലിചെയ്യാനുമായിരുന്നു ഉദ്ദേശ്യം. തനിക്ക് പതിനായിരംരൂപ ശമ്പളവും ഭക്ഷണവും വസ്ത്രങ്ങളും താമസവും വാഗ്ദാനം ചെയ്തിരുന്നതായും യുവതി പറഞ്ഞു.
സുഖ്മാൻ മാണ്ഡവി എന്നയാൾക്കൊപ്പം താനുൾപ്പെടെ മൂന്ന് യുവതികൾ ജൂലായ് 25-ന് അതിരാവിലെ ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. കുറച്ച് മണിക്കൂറുകൾക്കകം കന്യാസ്ത്രീകളുമെത്തി. അവരെ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. അതിനിടെ ഒരാൾ വന്ന് എതിർപ്പുന്നയിക്കുകയും പിന്നീട് ബജ്റംഗ്ദളിന്റെ പ്രവർത്തകർ അയാളോടൊപ്പം ചേരുകയും ചെയ്തു. അവർ ഭീഷണിപ്പെടുത്താനും അപമാനി ക്കാനും തുടങ്ങി. തുടർന്ന് റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഭീഷണിപ്പെടുത്തി.
പത്താംക്ലാസ് വിദ്യാഭ്യാസമുള്ള താൻ നാരായൺപുർ ജില്ലാ ആസ്ഥാനത്തേക്ക് ദിവസവും പത്തുകിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ജോലിക്കുപോകുന്നത്.
ദിവസവും 250 രൂപയാണ് കൂലി ലഭിക്കുന്നത്. പള്ളിയിൽവെച്ച് പരിചയപ്പെട്ട സുഖ്മാൻ മാണ്ഡവിയാണ് ആശുപത്രിയിലെ ജോലിയെക്കുറിച്ച് പറഞ്ഞത്. സുഖ്മാൻ്റെ സഹോദരി ഉൾപ്പെടെ ആ മേഖലയിലെ ഒട്ടേറെ പെൺകുട്ടികൾ ആശുപത്രിയിൽ ജോലിക്കുപോയിട്ടുണ്ട്.
:
നാലഞ്ചുവർഷമായി തൻ്റെ കുടുംബം ക്രിസ്തുമതവിശ്വാസമാണ് തുടരുന്നതെന്ന് കമലേശ്വരി വ്യക്തമാക്കി.
Post a Comment