Aug 17, 2025

കര്‍ക്കടകം പെയ്‌തൊഴിഞ്ഞു; പൊന്നിന്‍ ചിങ്ങം പിറന്നു, ഇനി മലയാളികള്‍ക്ക് ഓണം


ഇന്ന് ചിങ്ങം ഒന്ന്, മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസം. മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്‌മരണകളുടെ ദിനം കൂടിയാണ് ചിങ്ങം. പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതിയില്‍ നിന്ന് മനുഷ്യനെ സ്വപ്‌നം കാണിക്കുന്ന ദിനങ്ങള്‍... ഇന്ന് കര്‍ഷക ദിനം കൂടിയാണ്. അതുപോലെ മലയാള വർഷാരംഭവും.


ചിങ്ങം എന്നും മലയാളികളുടെ പ്രിയമാസമാണ്. തിരിമുറിയാതെ മഴപെയ്‌തിരുന്ന കര്‍ക്കടകത്തിലുള്ള ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്താണ് ചിങ്ങം. സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ഈ മാസത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ . ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുയാണ് ഓരോ മലയാളിയും.


മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്നിന്‍ കതിര്‍ കൊയ്‌ത് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമൃദ്ധിയുടെ മാസം. പണ്ടുകാലങ്ങളിലൊക്കെ സ്വര്‍ണവര്‍ണ ശോഭയോടെ വിളഞ്ഞു കിടക്കുന്ന പാടങ്ങളാല്‍ സമൃദ്ധമായിരുന്നു നമ്മുടെ കേരളം.

പാടങ്ങളില്‍ നിന്ന് കൊയ്‌തെടുത്ത നെല്ലുമായി വരുന്ന ഒരു കൂട്ടം മനുഷ്യര്‍. കറ്റകള്‍ മെതിച്ച് വലിയ മുറ്റത്ത് മെഴുകിയ പനമ്പായയിവല്‍ നെല്ല് പുഴുങ്ങി ഉണക്കാനിട്ടിരിക്കും,. അത് നോക്കാന്‍ ഒരു കുട്ടിയും അടുത്തുണ്ടാകും. തൊട്ടടുത്ത് വൈക്കോല്‍ കൂനകളും. നെല്ല് കുത്തി അരിയാക്കുന്നവരുമുണ്ടാകും. ഇങ്ങനെ മനോഹരമായ കാഴ്‌ചകളായിരുന്നു മിക്ക വീട്ടുമുറ്റത്തും വയലിലും അന്നുണ്ടായിരുന്നത്.


ചിങ്ങമെന്നാല്‍ ഓണമെന്നാണ് പലരുടെയും ഉള്ളില്‍. അത്തം മുതല്‍ തിരുവോണം വരെ മലയാളികളുടെ മുറ്റത്ത് ആഘോഷമാണ്. ഓണപൂക്കളവും സദ്യയും ഓണക്കളികളുമെല്ലാം മലയാളികളുടെ ഉള്ളം നിറയ്ക്കാറുണ്ട്. അങ്ങനെ ഓരോ ഹൃദയത്തിലും നവോന്മേഷത്തിന്‍റെ പൂമ്പൊടി വിതറികൊണ്ട് ചിങ്ങമാസം അവസാനിക്കുന്നതിന്‍റെ പത്തുദിവസം മുന്‍പാണ് ഇക്കുറി തിരുവോണമെത്തുന്നത്പ്രകൃതിയുടെ ഊഷ്‌മളതയിലേക്ക് കടന്നു വരുന്ന ഓണത്തിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ വികാരങ്ങളുണ്ട്. ഓര്‍മ്മകളുണ്ട്. നെഞ്ച് നിറയ്ക്കുന്ന സന്തോഷമുണ്ട്. ഓരോ മനുഷ്യനും ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് ചിങ്ങമാസം...

കര്‍ക്കിടമാസത്തിലെ സങ്കടം പെയ്‌തൊഴിഞ്ഞ് ആശ്വാസത്തിന്‍റെ കിരണങ്ങളാണ് ചിങ്ങമാസത്തിലൂടെ കടന്നു വരുന്നത്. മണ്ണും മനുഷ്യനും ചേര്‍ന്ന് പാരസ്‌പര്യത്തിന് പൂക്കള്‍ക്കൊണ്ട് നിറയ്ക്കുകയാണ് ചിങ്ങമാസം. മറ്റൊരു മാസത്തിനും ഇല്ലാത്ത സൗന്ദര്യവും ശാലീനതയും ഈ മാസത്തിനുണ്ട്.


മുന്‍പൊക്കെ പൂപ്പറിക്കാനായി കുട്ടികള്‍ കാടും മേടും തേടിയിറങ്ങുമ്പോള്‍ അവര്‍ പ്രകൃതിയേയും മണ്ണിനേയും അറിയുകയായിരുന്നു. പ്രകൃതിയുടെ ഹൃദയസ്‌പന്ദനം അവരുടെ കാതുകളിലേക്ക് എത്തുകയായിരുന്നു. അത്രമാത്രം പ്രകൃതിയുമായി ചേര്‍ന്നു നിന്നിരുന്നു കാലമായിരുന്നു നമുക്ക് മുന്‍പുണ്ടായിരുന്നത്. ചിങ്ങത്തിന് എന്നും സ്വര്‍ണത്തിന്‍റെ നിറമാണെന്ന് പറയാറുണ്ട്. അതു പോലെ സ്വപ്നത്തിന്‍റെയും

തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തുടങ്ങിയ പുഷ്‌പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. . വറുതിയുടെ കാലത്തില്‍ നിന്ന് പ്രകൃതി തെളിഞ്ഞു വരുന്നത് പോലെ മനുഷ്യന്‍റെ ഉള്ളവും തെളിഞ്ഞു വരികയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only