Sep 20, 2025

ലോട്ടറിക്ക് 40% GST: ഭാഗ്യശാലികളുടെ എണ്ണം കുറയ്ക്കും; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം ചുരുക്കും


ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും.

തിങ്കളാഴ്ച മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായാണ് ഉയരുക. ടിക്കറ്റ് വില ഉയര്‍ത്താതെ ജിഎസ്ടി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, കമ്മീഷനും സര്‍ക്കാര്‍ കുറച്ചത്.. ഉദാഹരണത്തിന് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണകേരളം ലോട്ടറി ടിക്കറ്റ്. ടിക്കറ്റ് വില 50 രൂപ തന്നെ. ആദ്യ സമ്മാനങ്ങളിലും മാറ്റമില്ല. പക്ഷേ 5000 രൂപയുടെയും, 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറച്ചു.

മുന്‍പ് സുവര്‍ണ കേരളം ടിക്കറ്റില്‍ 21600 പേര്‍ക്ക് 5000 രൂപയും, 32400 പേര്‍ക്ക് 1000 രൂപയും വീതം സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു. ഇതാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങള്‍ 20520 ആയി, 1000 രൂപയുടെ സമ്മാനങ്ങള്‍ 27000 ആയും കുറഞ്ഞു. ആകെ സുവര്‍ണ കേരളത്തില്‍ മാത്രം 6480 ഭാഗ്യശാലികളുടെ കുറവ് ഉണ്ടാകും.

സമ്മാനത്തുക കണക്കാക്കിയാല്‍ ഒരു കോടി എട്ട് ലക്ഷം രൂപയും കുറയും. ടിക്കറ്റ് വില്‍പന നടത്തിയാലും, വിറ്റ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചാലും ഏജന്റിന് കമ്മീഷന്‍ ലഭിക്കും. ആ കമ്മീഷനിലും കുറവ് വരും. സമ്മാനങ്ങള്‍ക്കുള്ള പ്രൈസ് കമ്മീഷന്‍ 12 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചു. 75 പൈസയാണ് ഒരു ടിക്കറ്റിന് വില്‍ക്കുന്നയാള്‍ക്ക് കമ്മീഷന്‍ കുറയുക. 22 ആം തീയതി മുതല്‍ പുതിയ ജിഎസ്ടി നിരക്ക് നിലവില്‍ വരുമെങ്കിലും ടിക്കറ്റുകളില്‍ ഇത് പ്രതിഫലിക്കുക 26 ആം തീയതി മുതലാകും. ഓണം ബംബറിന് പുതുക്കിയ ജിഎസ്ടി നിരക്ക് ബാധകമാകില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only