മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയെയും വല്ലത്തായ്പ്പാറയെയും ബന്ധിപ്പിച്ച് ചെറുപുഴയുടെ വല്ലത്തായ് കടവിലെ പാലം നിർമാണ പ്രവൃത്തി മന്ദഗതിയിൽ. പ്രതിഷേധവുമായി ജനകീയ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. എത്രയും വേഗം പാലം നിർമാണം പൂർത്തീകരിക്കണമെന്നാണ് ആവശ്യം. വല്ലത്തായ് കടവിലെ വെന്റ് പൈപ് പാലത്തിന് പകരമാണ് പുതിയ കോൺക്രീറ്റ് പാലം നിർമാണം ആരംഭിച്ചത്. പണി തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടു. ഇടയ്ക്കു പ്രവൃത്തി പാടേ നിലച്ചു. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് മുക്കവുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗമായിരുന്നു വല്ലത്തായ്കടവിലെ വെന്റ് പൈപ് പാലം. ഇതിന് പകരമാണ് പുതിയ കോൺക്രീറ്റ് പാലം നിർമിക്കുന്നത്.
പാലം പണി നീളുന്നതു കാരണം കളരിക്കണ്ടി വഴിയോ ആനയാംകുന്ന് വഴിയോ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തിക നഷ്ടത്തിനും സമയ നഷ്ടത്തിനും കാരണമാകുന്നു. പ്രവൃത്തി തീർക്കേണ്ട കാലാവധിയും കഴിഞ്ഞതായി നാട്ടുകാർ പറഞ്ഞു. പ്രവൃത്തി വേഗം തീർക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലത്തായ്പ്പാറ ജനകീയ കമ്മിറ്റി ധർണ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്താ ദേവി മൂത്തേടത്ത്, പഞ്ചായത്ത് മെംബർ അഷ്റഫ് തച്ചാറമ്പത്ത്, പി.പ്രേമദാസൻ, കൃഷ്ണദാസ് കുന്നുമ്മൽ, നിഷാദ് വീച്ചി, ബഷീർ കീലത്ത്, വി.ടി.ഫിലിപ്, സുബ്രഹ്മണ്യൻ കപ്പാലമ്മൽ, ഉസ്മാൻ പുളിക്കൽ, സലീം വെള്ളലശ്ശേരി, മുസ്തഫ പാട്ടുക്കര, കെ.സലാം, ഭാസ്കരൻ, എന്നിവർ പ്രസംഗിച്ചു.
Post a Comment