Sep 17, 2025

ഇടിയുന്ന മോദിയുടെ ജനപ്രീതി; സർവേ റിപോർട്ടുകൾ പറയുന്നത്


ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇളകാത്ത ജനപ്രീതിയുടെ പ്രതീകമായി ഒരിക്കൽ കാണപ്പെട്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന് ഒന്നിലധികം സർവേ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പോളിംഗ് ഏജൻസിയായ സി-വോട്ടറുമായി സഹകരിച്ച് 2025 ജൂലൈ 1നും ആഗസ്റ്റ് 14നും ഇടയിൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിലാണ് മോദിയുടെ ജനപ്രീതിയിൽ ഇടിവ് രേഖപെടുത്തുന്നത്. ലോക്‌സഭാ മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ 206,000ൽ അധികം പേർ പങ്കെടുത്തു. 2014 മുതൽ പ്രധാനമന്ത്രിയായി 11 വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ ജനപ്രീതി കോവിഡ് കാലത്ത് 78% ആയി ഉയർന്നിരുന്നെങ്കിലും ഏറ്റവും പുതിയ MOTN (മൂഡ് ഓഫ് ദി നേഷൻ) സർവേകൾ പ്രകാരം മോദിയുടെ ജനസ്വീകാര്യതയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്.
India Today-Cvoter-ന്റെ ആഗസ്റ്റ് 2025 MOTN സർവേയിൽ മോദിയുടെ പ്രകടനത്തെ 'നല്ലത്' (good) എന്ന് വിലയിരുത്തിയവരുടെ എണ്ണം ഫെബ്രുവരി 2025-ലെ 62% ൽ നിന്ന് 58% ആയി കുറഞ്ഞു. 'മികച്ചത്' (outstanding) എന്ന് വിലയിരുത്തിയവർ 36.1% ൽ നിന്ന് 34.2% ആയി കുറഞ്ഞു. 2021-ൽ 70% ആയിരുന്ന അംഗീകാരം 2025-ൽ 58% ആയി കുറഞ്ഞു. Business Standard-ന്റെ റിപ്പോർട്ട് പ്രകാരം 2024 ആഗസ്റ്റ് MOTN സർവേയിൽ മോദിയുടെ അംഗീകാരം 59% ആണ്. The Report-ന്റെ സർവേ പ്രകാരം NDA സർക്കാരിന്റെ പ്രകടനത്തോടുള്ള സംതൃപ്തി ഫെബ്രുവരി 2025-ലെ 62% ൽ നിന്ന് ആഗസ്റ്റ് 2025-ൽ 52% ആയി കുറഞ്ഞു. ഇത് മോദിയുടെ ജനപ്രീതിയിലെ ഇടിവിനെ കൃത്യമായി രേഖപെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചതിന്റെ പ്രധാന കാരണങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ ജീവിതങ്ങളുമായി ബന്ധപ്പെട്ടതാണ്. 72% ആളുകൾ തൊഴിലില്ലായ്മ പ്രധാന പ്രശ്നമായി കാണുന്നു, 92% ആളുകൾ വീട്ടുചെലവ് വർധിച്ചതായി ചൂണ്ടിക്കാണിക്കുന്നു, 48% ആളുകൾ ജനാധിപത്യം അപകടത്തിലാണെന്ന് വിശ്വസിക്കുന്നു, 46% ആളുകൾ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെ കുറിച്ച് ഭയപ്പാടുള്ളവരാണ്, 56% ആളുകൾ സാമ്പത്തിക നയങ്ങൾ സമ്പന്നർക്ക് മാത്രം ഗുണം ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു.

മറുവശത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള ശ്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്. വോട്ടർ പട്ടിക ക്രമക്കേട് തുറന്നുകാട്ടിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് സോഷ്യൽ മീഡിയയിലും പുറത്തും കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ബിഹാറിൽ രാഹുൽ ഗാന്ധി നടത്തിയ 'വോട്ടർ അധിക്കാർ യാത്ര'യിലെ സ്വീകാര്യതയും ജനപങ്കാളിത്വവും അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യം (INDIA ബ്ലോക്ക്) കൂടുതൽ സജീവമായി ഉയർന്നുവന്നിട്ടുണ്ട്.
തൊഴിലിലായ്മ, പെട്രോൾ പോലുള്ള അവശ്യവസ്തുക്കളുടെ വില വർധനവ്, പെട്രോളിൽ എഥനോൾ മിക്സ് ചെയ്ത് വിൽക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, വീട്ടുചെലവുകൾ വർധിക്കുന്നത് തുടങ്ങിയവ മുമ്പ് ഉള്ളതിനേക്കാൾ ഇന്ന് സജീവമായി തന്നെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ ആശങ്കപ്പെടേണ്ട മൂന്ന് അപായമണികളെ കുറിച്ച് സി-വോട്ടർ എഡിറ്റർ ഇൻ ചീഫ് യശ്വന്ത് ദേശ്മുഖും, എക്സിക്യൂട്ടീവ് ഡയറക്ടർ സതനു ഗുരുവും എഴുതുന്നു. ആദ്യത്തേത് വോട്ടർമാരുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയും ഉപജീവനമാർഗവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് എൻഡിഎ ഭരണത്തിന്റെ നയങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത് ആർക്കാണ് എന്നതിനെക്കുറിച്ചുള്ള പൊതുജന ധാരണകളുമായി ബന്ധപ്പെട്ടതാണ്. മൂന്നാമത്തേത് അഴിമതിയെക്കുറിച്ചുള്ള പൊതുജന ധാരണകളുമായി ബന്ധപ്പെട്ടതാണ്.

തുടർന്ന് എഴുതുന്നു: '2019 മുതൽ MoTN സർവേകളിൽ പങ്കെടുത്തവരിൽ 50 ശതമാനത്തിലധികം പേരും എൻ‌ഡി‌എ സർക്കാർ അഴിമതി തടയുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ വിജയിച്ചുവെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഏകദേശം 42 ശതമാനം പേർ അത് അവിടെ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. പുതുതായി നിർമിച്ച ഹൈവേകളും എക്സ്പ്രസ് വേകളും തകരുമ്പോൾ, പാലങ്ങൾ തകരുമ്പോൾ, കനത്ത മഴയെത്തുടർന്ന് നഗരങ്ങൾ വെള്ളത്തിനടിയിലാകുമ്പോൾ, നഗരഭരണം ദൃശ്യമായ തകർച്ചയിലാകുമ്പോൾ രാജ്യമെമ്പാടും ആളുകൾ മാറിചിന്തിക്കുന്നു.'

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only