കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി ആശ്വിനം ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കാർഷിക മേളയിലെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാൻ മേള കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ. കരുണാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ഓമശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനസ് അമ്പലക്കണ്ടി, ഓമശ്ശേരി കൃഷി ഓഫീസർ വിഷ്ണു എന്നിവർ സംസാരിച്ചു.
ജൈവ കാർഷിക മുറകൾ എന്ന വിഷയത്തിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ തോമസ് ടി.ടി. സെമിനാർ നയിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും കർഷക വിദ്യാർത്ഥി സംവാദവും സംഘടിപ്പിച്ചു. സംവാദത്തിൽ അഷറഫ് കക്കാട്, ജിഷ വിനോദ്, രാജേഷ് സിറിയക് എന്നിവർ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
വൈകിട്ട് തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ ഒമ്പത് ഗായകർ ഒരുമിച്ച് ചേർന്ന് ആസ്വാദ്യകരമായ സംഗീത വിരുന്നും അവതരിപ്പിച്ചു.
നാളെ ഫാം ടൂറിസം മേള ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. അഷറഫ് മാസ്റ്റർ മുഖ്യാതിഥിയാകും.
Post a Comment