കോഴിക്കോട് : പേരാമ്പ്രയിലെ സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ സന്ദർശിക്കാനെത്തിയ കൽപറ്റ എംഎൽഎ ടി.സിദ്ദിഖിനെയും കോൺഗ്രസ് നേതാക്കളെയും തടഞ്ഞതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുലർച്ചെ നേരിയ സംഘർഷം. തീവ്രപരിചരണ വിഭാഗത്തിൽ എത്തിയ എംഎൽഎ, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എം.അഭിജിത്ത്, പി.ദുൽഖഫിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത്ത് ഒളവണ്ണ, ശ്രീകാന്ത് പേരാമ്പ്ര തുടങ്ങിയവരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വാക്കുതർക്കവും ബലപ്രയോഗവും ഉണ്ടായെങ്കിലും ആശുപത്രിക്കുള്ളിൽ നടപടി സ്വീകരിക്കാനാവില്ലെന്നാണ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് പറഞ്ഞതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇതോടെ പരുക്കേറ്റ വിദ്യാർഥികളെ എംഎൽഎയുടെ നേതൃത്വത്തിൽ ഷാഫി പറമ്പിൽ എംപിയെ ചികിത്സിക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പേരാമ്പ്രയിൽ പൊലീസ് നരനായാട്ടാണ് ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന് ആക്രമിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയായിരുന്നു. ആയുധങ്ങളുമായി സിപിഎം പ്രവർത്തകരും മറുവശത്ത് പൊലീസും നിലയുറപ്പിച്ചതോടെ പ്രവർത്തകർ പ്രകോപിതരായി. അവരെ ശാന്തരാക്കുകയാണ് എംപി ചെയ്തത്. എന്നാൽ പൊലീസ് ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. എംപിയെ അറിയാത്ത ആരും പേരാമ്പ്രയിലില്ല. ആദ്യം തല്ലിയത് ഷാഫിയെയാണ്. മൂക്കിനും തലയ്ക്കും തല്ലി. പിന്നാലെ ആറു ടിയർ ഗ്യാസ് പൊട്ടിച്ചു. ആറു കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു. ഇതിൽ ഒരാളുടെ കണ്ണിനാണ് ഗുരുതര പരുക്കുളളത്. സിപിഎമ്മിന്റെ അക്രമത്തിന് പൊലീസ് കൂട്ടുനിൽക്കുകയാണെന്നും പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം, പേരാമ്പ്രയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. മൂക്കിൽ രണ്ട് പൊട്ടലുളള ഷാഫിയോട് അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് ആശുപത്രിയിലെത്തിയ കോൺഗ്രസ് നേതാക്കൾ പറഞ്ഞു
Post a Comment