കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ 'സായി ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം കേരള'യുമായി ചേർന്ന് ജീവൻ സുരക്ഷ ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.വർഷങ്ങളായി ദുരന്തനിവാരണ പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന സിനീഷ് കുമാർ സായിയും ടീമംഗങ്ങളും ചേർന്ന് ക്ലാസ്സ് നയിച്ചു.
പ്രകൃതിക്ഷോഭങ്ങൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമെന്ന പോലെ കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലും വർഷംതോറും ആവർത്തിച്ചു വരികയാണ്.ഇത് നമ്മൾ ഫലപ്രദമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സ്വായത്തമാക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യത്തിന് അടിവരയിടുകയാണ്.ഉരുൾപൊട്ടൽ,വെള്ളപ്പൊക്കം എന്നിവ കാരണം നിരവധി മനുഷ്യരുടെ ജീവനും,സ്വത്തും നഷ്ടപ്പെട്ടു.ഈ സമയത്ത് ജനങ്ങൾക്ക് തുണയായത് പ്രത്യേക പരിശീലനം ലഭിച്ച ദുരന്തനിവാരണ സേനാംഗങ്ങളുടെ പ്രവർത്തനങ്ങളാണ്.പ്രകൃതിക്ഷോഭത്തിൽ പരിക്കേറ്റവരെയും,മരണത്തെ മുഖാമുഖം കണ്ടവരെയും,ചിതറിപ്പോയ ശരീരഭാഗങ്ങളെ വീണ്ടെടുക്കുന്നതിനും സന്നദ്ധരായ ഒരു കൂട്ടം ആർജ്ജവമുള്ള നന്മയുള്ള മനുഷ്യർ.
ഹൃദയസ്തംഭനം,വൈദ്യുതാഘാതം,അഗ്നിബാധ,റോഡപകടം,സർപ്പദംശനം,പേവിഷബാധ,തീപ്പൊള്ളൽ എന്നിവയുണ്ടാകുമ്പോഴും ഭക്ഷണം തൊണ്ടയിൽ കുരുങ്ങുക,വെള്ളത്തിൽ മുങ്ങിപ്പോയ ആളെ രക്ഷിക്കേണ്ട വിധം തുടങ്ങീ പ്രഥമ ശുശ്രൂഷകൾ ഉൾപ്പെടുത്തി ജീവൻ രക്ഷാ മാർഗ്ഗങ്ങളെപ്പറ്റിയുള്ള അവബോധം എന്നിവ പ്രത്യേക പരിശീലനത്തിലൂടെ വിദ്യാർത്ഥികൾ ഹൃദിസ്ഥമാക്കി.കൂടാതെ മയക്കുമരുന്നിന് അടിമപ്പെടുന്നതിന് മുമ്പേ കണ്ട് പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകതയും ക്ലാസ്സിൽ ഓർമ്മിപ്പിച്ചു.
ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമംഗങ്ങളായ നജ്മുദീൻ മുറമ്പാത്തി,ബിബി തിരുമല,റിയാസ് എന്നിവർ പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് കമ്പനി ലീഡേഴ്സ്,പട്രോൾ ലീഡേഴ്സ്,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment