ബേപ്പൂർ : ആഴക്കടലിൽ അസാധാരണമായ കാറ്റും തിരയിളക്കവും അനുഭവപ്പെടുന്നതിനാൽ ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ. പ്രതികൂല കാലാവസ്ഥയിൽ യാത്ര പോകാനാകാതെ ചരക്കു കയറ്റിയ 8 ഉരുക്കൾ തുറമുഖത്ത് കുടുങ്ങി. 16ന് പോകേണ്ടിയിരുന്ന യാനങ്ങൾക്ക് ഇന്നലെയും തീരം വിടാനായില്ല.
കവരത്തി ദ്വീപിലേക്കുള്ള ജീസസ് ഹാർട്ട്, ജെപിവി സ്റ്റാർ, സവായി തക്കോളി, ആന്ത്രോത്ത് ദ്വീപിലേക്കുള്ള ഗ്രെയ്സ്, സരസ്വതി, അഗത്തിയിലേക്കുള്ള ആർവിൽ, അമീനിക്കുള്ള മറൈൻ ലൈൻ, മറിയമാത എന്നീ ഉരുക്കളാണ് കടലിലെ കാറ്റു മൂലം തുറമുഖം വിടാനാകാതെ ബേപ്പൂരിലുള്ളത്.
പതിവിനു വിപരീതമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ ചരക്കുമായി ഉരുക്കൾ ഓടിച്ചു പോകാനാകില്ലെന്നു തണ്ടേൽമാർ(സ്രാങ്ക്) പറഞ്ഞു. ദ്വീപിലേക്കു വേണ്ട ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, മെറ്റൽ, എംസാൻഡ്, ഹോളോബ്രിക്സ്, സിമന്റ്, സ്റ്റീൽ എന്നിങ്ങനെ ഓരോ ഉരുക്കളിലും 300 ടണ്ണോളം ചരക്കുകളുണ്ട്.
അപകട സാധ്യത നിലനിൽക്കുന്നതിനാൽ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ യാനങ്ങൾ പുറപ്പെടൂ. ഇനിയും 3 ദിവസം കൂടി കാലാവസ്ഥ മുന്നറിയിപ്പുണ്ട്. 15ന് കവരത്തി ദ്വീപിലേക്ക് സുബൈദ ഉരുവാണ് ഒടുവിൽ ബേപ്പൂരിൽ നിന്നു പോയത്. പുറംകടലിലെ കാലാവസ്ഥാ മാറ്റം ബേപ്പൂർക്കുള്ള ഉരുക്കളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്.
ലക്ഷദ്വീപിൽ നിന്നു ദീപദർശൻ എന്ന കാലിയായ ഉരുവാണ് അവസാനമായി ഇവിടെ എത്തിയത്. ചരക്കു കയറ്റാനും ഇറക്കാനുമായി 3 ഉരുക്കൾ ഇപ്പോൾ തുറമുഖത്തുണ്ട്. ബേപ്പൂരിൽ എത്തിയവ ചരക്കിറക്കി പുതിയത് കയറ്റുന്നുണ്ടെങ്കിലും എന്നു പുറപ്പെടാനാകും എന്നതിൽ യാതൊരു നിശ്ചയവുമില്ല. കടൽക്കാറ്റ് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാൽ ഉടൻ പുറപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് ഉരുക്കളിലെ തൊഴിലാളികൾ.
Post a Comment