Nov 7, 2025

കാരശ്ശേരിയിൽ കള്ളന്മാർ വിലസുന്നു; സ്കൂട്ടർ മോഷ്ടിച്ചു വീടുകളിലും കടയിലും മോഷണ ശ്രമം




മുക്കം: ജനങ്ങളുടെ ഉറക്കം കെടുത്തിയും ആശങ്കയിലാക്കിയും കാരശ്ശേരിയിലും കക്കാടിലും സമീപ പ്രദേശങ്ങളിലും കള്ളന്മാർ വിലസുന്നു. കാരശ്ശേരിയിൽ വീട്ടിൽ നിറുത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചതായും വീടുകളിൽ മോഷണ ശ്രമം നടന്നതായും കക്കാടിൽ പിടിക കുത്തിത്തുറന്നതായും പരാതി. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവോട്ട് ക്ഷേത്രത്തിനു സമീപം കരുവോട്ട് പൊയിൽ ദിപിൻ്റെ സ്കൂട്ടറാണ് കളവുപോയത്.
വീട്ടുമുറ്റത്ത് നിറുത്തിയിട്ടതായിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം.രാവിലെ എഴുന്നേറ്റപ്പോഴാണ് സ്കൂട്ടർ കളവുപോയ വിവരം ഉടമ അറിയുന്നത്

പുലർച്ചെ ഒരു മണിയോടെയാണ് സമീപത്തെ വീട്ടിൽ മോഷണ ശ്രമം നടന്നത്. ഗേറ്റ് തുറന്ന് കളളൻ അകത്തു കയറുന്ന സി സി ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ലെന്നാണ് വിവരം. മറ്റൊരു വീട്ടിൽ ബൈക്ക് കേടുവരുത്തി പെട്രോൾ ഒലിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ബൈക്ക് കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടതാകും എന്നാണ് നിഗമനം. സമീപ പ്രദേശമായ കക്കാടിൽ തോട്ടത്തിൽ അബ്ദുറഹിമാൻ്റെ പിടികയാണ് പൂട്ടു പൊളിച്ച് അകത്തു കടന്ന് മോഷണ ശ്രമം നടന്നത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടുണ്ട്. കരുവോട്ട് ക്ഷേത്രത്തോട് ചേർന്നു നിൽക്കുന്ന വീടിൻ്റെ പൂട്ട് തകർത്ത് ഉള്ളിലെ അലമാരയിലെ പേപ്പർ ഉൾപ്പെടെയുള്ളവ വലിച്ചുവാരി നിലത്തിട്ടു. തൊട്ടരികിലുണ്ടായിരുന്ന മേശവലിപ്പിലെ ചില്ലറ പൈസ മോഷ്ടിച്ചു. ഒരേ ദിവസമാണ് കാരശ്ശേരിയിൽ മൂന്നിടങ്ങളിലും മോഷണവും മോഷണശ്രമവും നടന്നത്.സംഭവം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്കൂട്ടർ മോഷ്ടിച്ചതും വീട്ടിൽ കയറിയതും വ്യത്യസ്‌ത കള്ളന്മാരാണെന്നാണ് സി സി ടി വി ദൃശ്യങ്ങളുടെ പരിശോധനയിൽ മനസ്സിലാവുന്നത്.സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുന്ന രണ്ടു ചെറുപ്പക്കാരുടെ ദൃശ്യം പോലീസ് ശേഖരിച്ചതായറിയുന്നു. മുക്കം സബ് ഇൻസ്പെക്റ്റർ ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതികളെ ഉടൻ പിടികൂടാനാവുമെന്നാണ് പ്രതീക്ഷ. പൊലീസ് അന്വേഷണത്തോടൊപ്പം പട്രോളിംഗും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only