ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യബസുകളുടെ സമരം തുടങ്ങിയതോടെ ബെംഗളൂരുവിൽ മലയാളിയാത്രക്കാർ പ്രയാസത്തിലായി. തിങ്കളാഴ്ച യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് കുടുങ്ങിയത്. ബസുകൾ മുടങ്ങിയതോടെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർക്ക് മറ്റ് മാർഗം തേടേണ്ടിവന്നു. കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്ആർടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാതായി.
കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കെടുത്ത് സർവീസ് നിർത്തിവെച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തസ്സംസ്ഥാന ബസുകളാണ് ബെംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരേ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള ബസുകളും ഓട്ടവും നിർത്തി.
ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച്ച മുതൽ അന്തഃസംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യബസുകൾ ഓടുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യബസുടമകളുടെ എട്ട് സംഘടനകൾ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ചമുതൽ പൂർണമായി നിർത്തുകയായിരുന്നു.
Post a Comment