തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അവരെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തതിന്റെ പേരിലായിരുന്നു രാഹുൽ ഈശ്വർ അറസ്റ്റിലായത്.
അതിജീവിതയെ അധിക്ഷേപിച്ചുകൊണ്ട് സൈബറിടങ്ങളിൽ പോസ്റ്റിട്ട ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്. ഇതിൽ ആദ്യ അറസ്റ്റ് രാഹുൽ ഈശ്വറിന്റേതായിരുന്നു. വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ആദ്യം രാഹുലിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ പിന്നീട് ജാമ്യം ലഭിക്കാത്ത കുറ്റങ്ങളും കൂടി ചുമത്തി രാഹുലിലെ പോലീസ് റിമാൻഡ് ചെയ്യുകയായിരുന്നു.
അന്യായമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് നിയവിരുദ്ധമാണെന്നും ആരോപിച്ച്, പ്രതിഷേധ സൂചകമായി ഒരാഴ്ചയോളം രാഹുൽ ജയിലിൽ നിരാഹാരം കിടന്നിരുന്നു. എന്നാൽ സെഷൻസ് കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചതോടെ രാഹുൽ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ജില്ലാ ജയിലിലായിരുന്ന രാഹുലിനെ പിന്നീട് സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ രണ്ടുദിവസത്തേക്ക് രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്ന് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അത് നിരാകരിച്ചു. 16 ദിവസം ജയിലിൽ കിടന്നയാളിനെ ഇനിയും കസ്റ്റഡിയിൽ വാങ്ങുന്നത് എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനുപിന്നാലെയാണ് ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചത്. മേലാൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന നിർദേശത്തോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്.
Post a Comment