തിരുവമ്പാടി : 7 വർഷമായി തുടരുന്ന അഗസ്ത്യൻമൂഴി– തിരുവമ്പാടി – കൈതപ്പൊയിൽ റോഡ് പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപായി റോഡിൽ പല ഭാഗത്തും വെള്ളവര ഇട്ട് റോഡ് പ്രവൃത്തി പൂർത്തീകരിച്ചു എന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായി. പ്രവൃത്തി പൂർത്തീകരിക്കാതെ വെള്ളവര ഇട്ടത് പലയിടത്തും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. തിരുവമ്പാടി ടൗണിനു സമീപം വില്ലേജ് ഓഫിസ് പരിസരം മുതൽ കറ്റ്യാട് ജംക്‌ഷൻ കഴിഞ്ഞ് കുറെ ദൂരം റോഡിനു ഇരുവശവും ചെയ്യേണ്ട പൂട്ടുകട്ട പാകൽ നടത്തിയിട്ടില്ല. എന്നാൽ, ഈ ഭാഗത്തെല്ലാം വെള്ളവര വരച്ചു. റോഡിന്റെ ഇരുവശവും ടാറിങ്ങിനോട് ചേർന്ന് പൂട്ടുകട്ട പാകാത്തതു കൊണ്ട് ഈ ഭാഗം കാടു കയറിയ നിലയിലാണ്.
2018 സെപ്റ്റംബറിലാണ് അഗസ്ത്യൻമൂഴി– കൈതപ്പൊയിൽ റോഡ് നിർമാണം ആരംഭിച്ചത്. 21 കിലോമീറ്റർ റോഡ് നവീകരിക്കാൻ 86.36 കോടി രൂപയാണ് കിഫ്ബി പ്രവൃത്തിയായി അനുവദിച്ചത്. 8 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് 10 മീറ്റർ വീതിയിൽ നവീകരിക്കുകയായിരുന്നു പദ്ധതി. റോഡിന് ഇരുവശത്തുമുള്ള ആളുകൾ സൗജന്യമായാണ് റോഡ് നവീകരണത്തിന് ഓരോ മീറ്റർ സ്ഥലം വിട്ടു നൽകിയത്. 18 മാസമായിരുന്നു നിർമാണ കാലാവധി. ഇതനുസരിച്ച് 2020 മാർച്ച് 30 ന് പ്രവൃത്തി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ പ്രവൃത്തി നീണ്ടതിനാൽ 4 തവണ കരാർ കാലാവധി നീട്ടി. എന്നിട്ടും റോഡ് നവീകരണം എങ്ങും എത്താത്തതിനാൽ കരാർ കമ്പനിയെ ഒഴിവാക്കി ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ നിർമാണ ചുമതല ഏൽപിച്ചു. ഇവർ നിർമാണം ഏറ്റെടുത്തിട്ട് രണ്ട് വർഷം ആയി.
പ്രധാന ടൗണുകളിലും കവലകളിലും നടപ്പാതയ്ക്കു മുകളിൽ ഐറിഷ് ടൈലുകളും സ്റ്റീൽ കൈവരിയും കൈതപ്പൊയിൽ, തിരുവമ്പാടി, അഗസ്ത്യൻമൂഴി ഭാഗങ്ങളിൽ ട്രാഫിക് സിഗ്നലുകൾ, 2 കിലോമീറ്റർ ദൂരം പ്ലാസ്റ്റിക് റോഡ്, ഇരുവശത്തും നടപ്പാത, 7 മീറ്റർ വീതിയിൽ ടാറിങ് എന്ന നിലയിൽ ആയിരുന്ന പദ്ധതി നിർദേശം. എന്നാൽ റോഡിന്റെ ചില ഭാഗങ്ങളിൽ 7 മീറ്റർ ടാറിങ്, ചില ഭാഗങ്ങളിൽ 5.5 മീറ്റർ ടാറിങ് എന്ന നിലയിലാണ് ഇപ്പോൾ പ്രവൃത്തി നടത്തിയിരിക്കുന്നത്. കേബിൾ ചാലുകൾ ഒഴിവാക്കി എന്ന പരാതിയും ഉയർന്നിരുന്നു.
Post a Comment