Dec 8, 2025

വന്‍ ജനക്കൂട്ടമെത്തും; ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പോലിസ്


ചെന്നൈ: വിജയ്യുടെ പാര്‍ട്ടിയായ ടിവികെ ഡിസംബര്‍ 16ന് ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പൊലീസ് അനുമതി നല്‍കിയില്ല. ഈറോഡ്‌പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്. എന്നാല്‍, സ്ഥലം സന്ദര്‍ശിച്ചതിനു പിന്നാലെ പോലിസ് സൂപ്രണ്ട് എ.സുജാത അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. 70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വന്‍ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലമില്ലെന്നതും പരിഗണിച്ചാണ് അനുമതി നിഷേധം. ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടത്. പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിയാക്കി മാറ്റി അനുമതി തേടുകയായിരുന്നു. ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്. തന്റെ ജനപിന്തുണ കാണിക്കാനുള്ള അവസരമായാണ് ഈറോഡില്‍ സെങ്കോട്ടയ്യന്റെ നേതൃത്വത്തില്‍ റാലിക്ക് ഒരുങ്ങിയത്. ഡിസംബര്‍ 9ന് വിജയ് പുതുച്ചേരിയില്‍ റാലി നടത്തുന്നുണ്ട്. ഇതിനായി പുതിയ നിബന്ധനകള്‍ പോലിസ് നല്‍കിയിരിക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണം, അതിര്‍ത്തി നിര്‍ണയം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം. 41 പേര്‍ കൊല്ലപ്പെട്ട കരൂര്‍ ദുരന്തത്തിന് ശേഷം പാര്‍ട്ടി നടത്തുന്ന ആദ്യ റാലിയാണിത്. കരൂര്‍ ദുരന്തത്തിനു ശേഷമാണ് റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും തമിഴ്‌നാട് പൊലീസ് കര്‍ശന ഉപാധികള്‍ കൊണ്ടുവന്നത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only