Dec 24, 2025

മുനമ്പം ഭൂമി പ്രശ്‌നം; സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഭൂസംരക്ഷണ സമിതി


കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ അപ്പീലുമായി
ഭൂസംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജില്ലാ കലക്‌ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത‌ സിംഗിൾ ബെഞ്ച് നടപടിയ്ക്കെതിരെയാണ് അപ്പീൽ.

റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതിനെതിരെ കൊച്ചി സ്വദേശികളായ രണ്ടുപേർ സമർപ്പിച്ച ഹരജിയിലാണ് കലക്‌ടറുടെ ഉത്തരവ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തത്‌. കോടതിയുടെ നേരത്തെയുള്ള ഇടക്കാല ഉത്തരവ് പ്രകാരം ഭൂനികുതി പിരിക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ജസ്റ്റിസ് സി.ജയചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

മുനമ്പം ഭൂപ്രശ്‌നത്തിന് മേലുള്ള ഉത്തരവിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുനമ്പത്തെ കൈവശക്കാരിൽ നിന്ന് കരം മാത്രമേ സ്വീകരിക്കാമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പോക്കുവരവിനും കൈവശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ കലക്ടർ സ്വീകരിച്ചുവെന്ന് കാട്ടി വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

താൽക്കാലിക അടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകിയത്. കേസുകളിലെ അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നാണ് കോടതി നിർദേശം.

മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഭൂമി ദാനമായി നൽകിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് മുനമ്പത്ത് താമസക്കാർ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. താൽക്കാലിക അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നികുതി സ്വീകരിക്കാനായിരുന്നു റവന്യൂ വകുപ്പിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ നിർദേശം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only