തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി കേരള കെഎസ്ആർടിസി. 2026 ജനുവരി അഞ്ചാം തീയതി 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്‌ആർടിസി നേടിയ വരുമാനം. കെഎസ്ആർടിസി കൈവരിച്ച ഈ ചരിത്ര നേട്ടത്തിൽ ജീവനക്കാരെ അഭിനന്ദിക്കുന്നതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
13.01 കോടി രൂപയാണ് ജനുവരി അഞ്ചാം തീയതി കെഎസ്ആർടിസിക്ക് ലഭിച്ച ആകെ വരുമാനം. ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
ചരിത്രത്തിൽ ഇത് ആദ്യമായാണ് ഈ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം. നമുക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി കെഎസ്ആർടിസിയുടെ
ജീവനക്കാർ തെളിയിച്ചിരിക്കുകയാണ്.
പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാരെ നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും കൂട്ടായ പ്രവർത്തനം കൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.
നമുക്ക് കഴിയും നിങ്ങൾ കൂടെ നിന്നാൽ മതിയെന്നുമാണ് മന്ത്രി പറയുന്നത്.
കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിൻ്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിത പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി കെഎസ്ആർടിസി മികച്ച വരുമാനം നേടുന്നത്. കഴിഞ്ഞ വർഷം നിലനിന്നിരുന്ന സമാനമായ സാഹചര്യങ്ങളിലും ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താതെ തന്നെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയാണ് കെഎസ്ആർടിസി ഈ വലിയ ലക്ഷ്യം കൈവരിച്ചിരിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചത്.
Post a Comment