Jan 7, 2026

വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ-ഫൈ ഓഫാക്കണം, കാരണമുണ്ട്


ഫോണിലെ വൈ-ഫൈ സദാസമയവും ഓണാക്കിയിടുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്ന് സൈബര്‍ വിദഗ്‌ധര്‍ പറയുന്നു. വീട് വിട്ടിറങ്ങുമ്പോള്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിലെ വൈ-ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ-ഫൈ ഓഫാക്കിയില്ലെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ് എന്നോര്‍ത്ത് നിസാരവത്കരിക്കരുത്. ഫോണിലെ വൈ-ഫൈ ഓഫാക്കാതിരിക്കുമ്പോള്‍ ഉപകരണം നിശബ്‌ദമായി സിഗ്നലുകള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും. കണക്റ്റ് ചെയ്യാന്‍ ഏതെങ്കിലും നെറ്റ്‌വര്‍ക്ക് തിരഞ്ഞുള്ള സിഗ്നല്‍ മാത്രമായിരിക്കില്ല ഇത്, നിങ്ങളാരാണ്, നിങ്ങള്‍ എവിടെയാണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഇത് മറ്റുള്ളവര്‍ക്ക് നല്‍കും. മാത്രമല്ല, നിങ്ങളുടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാനുള്ള പഴുതും തുറന്നിടുകയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്യുന്നത് എന്നോര്‍ക്കുക.

*ഫോണിലെ വൈ-ഫൈ ഉപയോഗം: ശ്രദ്ധിക്കാനേറേ*
ഫോണിലെ വൈ-ഫൈ ഉപയോഗത്തെ കുറിച്ച് സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ വിശദമായി അറിയാം. വൈ-ഫൈ ഓഫ് ചെയ്യാതെയാണ് നിങ്ങള്‍ ഫോണുമായി വീടിന് പുറത്തേക്ക് പോകുന്നതെങ്കില്‍ നിങ്ങളുടെ ഫോണിന് സമീപം ഒരു ഹിഡന്‍ എക്‌സ്‌പോഷര്‍ വിന്‍ഡോ സൃഷ്‌ടിക്കപ്പെടുമെന്ന് വിദഗ്‌ധര്‍ പറയുന്നു. കണക്റ്റ് ചെയ്തിട്ടില്ലാത്തപ്പോൾ പോലും, മുമ്പ് കണക്റ്റ് ചെയ്‌ത വൈ-ഫൈ നെറ്റ്‌വർക്കുകൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് ഫോൺ റിക്വസ്റ്റുകള്‍ അയയ്ക്കുന്നത് തുടരും. ഇങ്ങനെ ചെയ്യുന്നത് മാത്രം മതി ഹാക്കര്‍മാര്‍ക്ക് ആ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ എന്നാണ് കണ്ടെത്തല്‍. സ്‌മാര്‍ട്ട്‌ഫോണിലെ വൈ-ഫൈ ഓഫ് ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പശ്ചാത്തലത്തില്‍ നടക്കുന്നത് ഫോണ്‍ ഉപയോക്താക്കള്‍ അറിയുക കൂടിയില്ല. നിങ്ങളുടെ ഫോണിന്‍റെ സുരക്ഷയെ പോലും അപകടത്തിലാക്കുന്ന ഈ അവസ്ഥ നിങ്ങളുടെ ഹോം നെറ്റ്‌വര്‍ക്കില്‍ നിന്നും കുറച്ചകലേക്ക് മാറി കഴിയുമ്പോഴേക്കും സംഭവിച്ചേക്കാമെന്നാണ് പറയുന്നത്. അതിനാല്‍തന്നെ വീട് വിട്ട് പോകുമ്പോള്‍ ഫോണിലെ വൈ-ഫൈ ഓഫാക്കി വയ്‌ക്കുന്നതാണ് നല്ലത്.

*വൈ-ഫൈ വഴി പലതും ചോരും* 
ഫോണില്‍ വൈ-ഫൈ ഓഫാക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ പേരും ലൊക്കേഷനും അടക്കം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചേക്കും. ഫോണ്‍ അബദ്ധവശാല്‍ വ്യാജ നെറ്റ്‌വര്‍ക്കിലേക്ക് വൈ-ഫൈ വഴി ബന്ധിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നൊരു അപകടം കൂടി ഒളിഞ്ഞിരിപ്പുണ്ട്. യാത്രകളിലും, അനേകം പേരുള്ള പൊതു ഇടങ്ങളിലും എത്തുമ്പോള്‍ ഇങ്ങനെ അപരിചിതമായ നെറ്റ്‌വര്‍ക്കുകളുമായി വൈ-ഫൈ വഴി കണക്റ്റ് ചെയ്യപ്പെടുന്നത് നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ വരെ വഴിവെക്കും. എല്ലാ വൈ-ഫൈകളും പാസ്‌വേഡുകള്‍ കൊണ്ട് സുരക്ഷിതമാക്കിയവ ആയിരിക്കണമെന്നില്ല. നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങള്‍, എന്‍ക്രിപ്റ്റഡ് അല്ലാത്ത വിവരങ്ങള്‍, ലോഗിന്‍ വിലാസങ്ങള്‍ എന്നിവ അപരിചിതമായ വൈ-ഫൈ നെറ്റ്‌വര്‍ക്കുകളില്‍ ഫോണ്‍ ലിങ്ക് ചെയ്യുന്നതിലൂടെ ചോരാം. പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുമായി മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും പോലെയുള്ള വ്യക്തിഗത/സ്വകാര്യ ഡിവൈസുകള്‍ ബന്ധിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് പറയുന്നത് ഇക്കാരണത്താലാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only