ന്യൂഡൽഹി ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടു വിജ്ഞാപനത്തിന്റെ കാലാവധി ജൂൺ 30 വരെ നീട്ടി. 2018 ഒക്ടോബർ 3ന് ഇറക്കിയ നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. വ്യവസ്ഥകൾ സംബന്ധിച്ചു സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതും കോവിഡ് സാഹചര്യവും കണക്കിലെടുത്താണു നീട്ടുന്നതെന്നു കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ മനോരമയോടു പറഞ്ഞു.
കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും, കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുള്ള ഇളവുകളും സംബന്ധിച്ച് കൂടുതൽ ചർച്ച ആവശ്യമാണെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ജൂൺ 30ന് അകം ധാരണയുണ്ടാക്കി അന്തിമ വിജ്ഞാപനമിറക്കാനാണു ശ്രമം.
2013ൽ കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് (ഒഎം) ഇപ്പോൾ പ്രാബല്യത്തിലുള്ളത്. ഇതനുസരിച്ചു ഇഎസ്‌എയിൽ പൂർണ നിരോധനമാണുള്ളത് ഇവയ്ക്കാണ്: ഖനനം, ക്വാറി, മണൽ വാരൽ, താപോർജ നിലയം, 20,000 ചതുരശ്ര മീറ്ററെങ്കിലുമുള്ള കെട്ടിടങ്ങളും മറ്റു നിർമാണങ്ങളും, 50 ഹെക്‌ടറെങ്കിലുമുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്റർ നിർമാണമുള്ളതോ ആയ ടൗൺഷിപ്/മേഖലാ വികസന പദ്ധതികൾ, ചുവപ്പു ഗണത്തിലുള്ള വ്യവസായങ്ങൾ.
ജോമി തോമസ് January 01, 2022 10:18 AM IST
Post a Comment