Jan 19, 2022

ഹൈവേയില്‍ കവര്‍ച്ചാ ശ്രമം; സംഘത്തിലെ അഞ്ചു പേർ പിടിയിൽ


കൊയിലാണ്ടി: ഹൈവേയില്‍ കവര്‍ച്ച നടത്താനുള്ള പദ്ധതികള്‍ക്കിടെ  അഞ്ചംഗ ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍.അറസ്റ്റിലായവരിൽ കൊയിലാണ്ടി സ്വദേശികളായ വിയ്യൂര്‍ അരിക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍(29), കന്നൂര്‍ സ്വദേശി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍കുമാര്‍ (26), കന്നൂര്‍ സ്വദേശി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22) എന്നിവരും വയനാട് സ്വദേശികളായ റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ, വടുവന്‍ചാല്‍ കടല്‍മാട് വേലന്‍മാരി തൊടിയില്‍ പ്രദീപ് കുമാര്‍ എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി കോടതി റിമാന്‍ഡ് ചെയ്തത്.അറസ്റ്റിലായ അഖിലിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളുണ്ടെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു. പാതിരാപ്പാലത്ത് കാര്‍ മിനി ലോറികൊണ്ട് തടഞ്ഞ് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഇപ്പോള്‍ നടത്തിയ കവര്‍ച്ചാ ആസൂത്രണത്തിലും പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി സി.ഐ സനല്‍രാജ് ഇന്നലെ കൊയിലാണ്ടിയിലെത്തി അന്വേഷണം നടത്തിയിരുന്നു. രക്ഷപ്പെട്ട അഞ്ചംഗ സംഘത്തിനുവേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകുന്നേരമാണ് സംഘം പിടിയിലായത്. വയനാട്ടില്‍ രണ്ടുകാറുകളിലായി പത്തംഗ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ രക്ഷപ്പെട്ടു. നീല നിറത്തിലുള്ള ഒരേ മോഡല്‍ സ്വിഫ്റ്റ് കാറിലായിരുന്നു സംഘം എത്തിയത്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ പിടികൂടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാങ്ങളാണെന്ന് കണ്ടെത്തുകയുമായിരുന്നു.

കുഴല്‍പ്പണ ഇടപാടുകാരെയും സ്വര്‍ണക്കടത്തുകാരെയും ലക്ഷ്യമിട്ട് കവര്‍ച്ച നടത്താനായാണ് സംഘം വയനാട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും വലിയ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only