Feb 2, 2022

ഡയാലിസിസ് ചികിത്സ ഇനി മുതല്‍ വീടുകളില്‍ സൗജന്യമായി; 11 ജില്ലകളില്‍ തുടക്കം: വീണാ ജോര്‍ജ്


ആശുപത്രികളില്‍ എത്താന്‍ സാധിക്കാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 11 ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്.

ഡയാലിസിസ് നടത്തി വരുന്നവരില്‍ കൊവിഡ് ബാധിച്ചാല്‍ പിന്നീട് ഡയാലിസിസ് നിഷേധിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാവരും അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ വരെ പ്രതിമാസം 36,000 മുതല്‍ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only