വര്‍ഷങ്ങളായി കാരവാനില്‍ ലോകം ചുറ്റുന്ന ജര്‍മ്മന്‍ ദമ്പതിമാരെ പരിചയപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്. ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്ത് ഭക്ഷണം പാകം ചെയ്തും കിടന്നുറങ്ങിയും 90 രാജ്യങ്ങളാണ് ഇവര്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തോര്‍ബെനും കുടുംബവും ഇന്ത്യയിലെത്തുന്നതെന്നും നവംബര്‍ പകുതി അവര്‍ കേരളത്തില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. കേരളാ ടൂറിസം പേജില്‍ വന്ന ഒരു മിനിറ്റ് വീഡിയോ റീലില്‍ ഈ കുടുംബവും ഭാഗമായിരിന്നെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍: കാരവാനില്‍ ലോകം ചുറ്റുന്ന ജര്‍മ്മന്‍ ദമ്പതിമാരായ തോര്‍ബെനും മിച്ചിയുമായി ഇന്ന് രാവിലെ സംസാരിച്ചു. @hippie.trail എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ ട്രാവല്‍ വ്‌ളോഗ് ചെയ്യുന്ന തോര്‍ബെനും മിച്ചിയും ഇപ്പോള്‍ കേരളത്തിലാണ്.ആറ് വയസുള്ള മകനും ഒമ്പത് വയസുള്ള മകളും കൂടിയാണ് ഇവരുടെ യാത്ര. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ തോര്‍ബെനും എഴുത്തുകാരിയായ മിച്ചിയും കാരവാനില്‍ ലോകം ചുറ്റാനാരംഭിച്ചത് 12 വര്‍ഷം മുമ്പാണ്. ഇതിനായി ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്തു. ഭക്ഷണം പാകം ചെയ്തും കാരവാനില്‍ കിടന്നുറങ്ങിയുമുള്ള യാത്ര അങ്ങനെ 90 രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലുമെത്തി.
കേരളാ ടൂറിസം പേജില്‍ വന്ന ഒരു മിനിറ്റ് വീഡിയോ റീലില്‍ ഈ ജര്‍മന്‍ കുടുംബവും ഭാഗമായിരിന്നു. വീഡിയോ ഭംഗി കണ്ട് കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ ആ റീല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.ആ വീഡിയോയില്‍ കേരളത്തിന് നന്ദി പറഞ്ഞു കൊണ്ട് കമന്റ് ചെയ്ത തോര്‍ബന്റെ @hippie.trail പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഈ കുടുംബത്തെ കുറിച്ചും അവരുടെ യാത്രകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞത്.
കാരവന്‍ ടൂറിസം എന്നത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒരു പ്രധാനപ്പെട്ട പദ്ധതിയാണ്. കാരവനില്‍ തൊണ്ണൂറില്‍ പരം രാജ്യങ്ങളില്‍ യാത്ര ചെയ്ത ഈ സഞ്ചാരികള്‍ കാരവന്‍ ടൂറിസം രംഗത്ത് വലിയൊരു മാതൃകയും പാഠവുമാണ്. അത് കണക്കിലെടുത്തു കൊണ്ട് തന്നെയാണ് അവരെ നേരിട്ട് ബന്ധപ്പെടാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് തോര്‍ബനും മിച്ചിയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ കണ്ടു മുട്ടി.അവരുടെ യാത്രകളെ കുറിച്ചും കേരളത്തിലെ അനുഭവങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചു. 2021 ഓഗസ്റ്റിലാണ് തോര്‍ബെനും കുടുംബവും ഇന്ത്യയിലെത്തുന്നത്.നവംബര്‍ പകുതിയോടെയാണ് അവര്‍ കേരളത്തില്‍ എത്തിയത്. മുംബൈ, ?ഗോവ, ഹംപി, ബെം?ഗളൂരു, കോയമ്പത്തൂര്‍, മൂന്നാര്‍, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വര്‍ക്കല വഴി സഞ്ചരിച്ചാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്
യാത്ര ചെയ്ത സ്ഥലങ്ങളില്‍ വച്ച് കേരളം അവര്‍ക്ക് 'സ്പെഷല്‍ പ്ലെയ്സ്' ആയി അനുഭവപ്പെട്ടതായി തോര്‍ബന്‍ പറയുകയുണ്ടായി. ഇത്രയധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ അവര്‍ക്ക് കേരളം 'ഹോംലി' അനുഭവമാണെന്നും എത്ര കാലം വേണമെങ്കിലും കേരളത്തില്‍ താമസിക്കാന്‍ സാധിക്കുമെന്നും സന്തോഷം പ്രകടിപ്പിച്ചു.മൂന്നാറിനെ ' Next to heaven in God's own country 'എന്നാണ് തോര്‍ബന്‍ വിശേഷിപ്പിച്ചത്.മൂന്നാറിനും കേരള ടൂറിസത്തിനുമാകെ ലഭിക്കുന്ന അഭിമാനമാണത്.
കേരളത്തിന്റെ തനത് പ്രകൃതി സൗന്ദര്യവും ഗ്രാമ ഭംഗിയും, സംസ്‌കാരവും, ഭക്ഷണവും, കലര്‍പ്പുകളില്‍ മത സൗഹാര്‍ദ്ദത്തില്‍ അധിവസിക്കുന്ന സാമൂഹിക മാതൃകയെ കുറിച്ചുമെല്ലാം പരപ്‌സരം സംസാരിക്കുകയുണ്ടായി. കാരവന്‍ ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് ഈ ലോക സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ടൂറിസം വീഡിയോകളും മനോഹരമാണ്. കന്യാകുമാരിയില്‍ നിന്ന് തിരിച്ചു കേരളത്തിലെത്തി മലബാറിലേക്കുള്ള യാത്രയിലാണ് ആ കുടുംബമിപ്പോള്‍. കേരള ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി തങ്ങളുടെ മികച്ച അനുഭവങ്ങള്‍ പങ്കുവെക്കുമെന്ന് അവര്‍ പറയുകയുണ്ടായി.
Post a Comment