കേരളത്തിലെ 406 വില്ലേജുകള്‍ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്നെന്ന് സര്‍ക്കാര്‍. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കേന്ദ്രത്തിന് സമര്‍പ്പിച്ച 'ഹോട്ട് സ്പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ 406 വില്ലേജുകളാണ് 'ഹോട്ട് സ്പോട്ട്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വീണ്ടും ഈ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ കത്തയച്ചു. കൃഷിയും കാര്‍ഷിക വിളകളും നശിപ്പിക്കുകയും കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുകയാണ് കാട്ടുപന്നികള്‍. കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് തന്നെ സാധിക്കുന്ന വിധത്തില്‍ കാട്ടുപന്നികളെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി (vermin) പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വനം മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ പല തവണ സമീപിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ വനം വകുപ്പുമന്ത്രി കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയെ നേരില്‍ കണ്ട് ഈ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തെ ഈ പ്രശ്നം ഉള്ള എല്ലാ വില്ലേജുകളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്പോട്ട്' ആയ വില്ലേജുകളുടെ ലിസ്റ്റ് ആണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് അയച്ചിട്ടുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിഷയത്തില്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടപെടണമെന്ന് വനം വകുപ്പുമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടത്.
Post a Comment