Feb 25, 2022

പൂച്ചകൾ വാഹനങ്ങളുടെ സീറ്റ് മാന്തിപ്പൊളിക്കുന്നത് എന്തിനാണെന്ന് അറിയാമോ? എന്താണിതിന്റെ രഹസ്യം?


നായ്ക്കളെപ്പോലെ കാലങ്ങളായി നമ്മുടെ അരുമകളാണെങ്കിലും നായ്ക്കളെ മനസ്സിലാക്കുന്നതുപോലെ പൂച്ചകളെ നമ്മള്‍ അറിയുന്നുണ്ടോ?  ഒന്നു പരിശോധിക്കാം. 

പൂച്ചയെപ്പോലെ ഇത്രയേറെ നടന വൈഭവമുള്ള മറ്റൊരു ജീവിയുണ്ടോ എന്നു സംശയിക്കാതെ വയ്യ.  മുഖത്തെ ഭാവവ്യത്യാസംകൊണ്ടു മാത്രമല്ല ചെവി, കണ്ണുകൾ, രോമക്കുപ്പായം, കൈകാലുകൾ, വാൽ എന്നിവ കൊണ്ടെല്ലാം  സ്വന്തം വികാരവിചാരങ്ങളും ശാരീരികാവസ്ഥകളും മനുഷ്യരുമായും സഹജീവികളുമായും പങ്കുവയ്ക്കാന്‍ ഇവര്‍ക്കു കഴിയുന്നു. 

എങ്ങനെ വീണാലും പൂച്ച നാലു കാലില്‍ എന്നു കേട്ടിട്ടില്ലേ? അപാര വഴക്കമുള്ള നട്ടെല്ലും മറ്റു ജീവികളെപ്പോലെ തോളെല്ല് ഇല്ലാത്തതുമാണ് ഈ നാലുകാല്‍ നില്‍പിന്റെ രഹസ്യം.  ഇനിയുമുണ്ട് പൂച്ചവിശേഷങ്ങള്‍.  ശരീരം ഇത്രയും വെടിപ്പായി സൂക്ഷിക്കുന്ന മറ്റൊരു ജീവിയുണ്ടാകുമോ? ഉണർന്നിരിക്കുന്ന സമയത്തിന്റെ  നല്ലൊരു ഭാഗവും ശരീരം നക്കിത്തുടച്ചു വൃത്തിയാക്കാനാണ് ചെലവിടുന്നത്. ആ വൃത്തിയാക്കല്‍തന്നെ എത്ര മനോഹരമായ കാഴ്ചയാണ്.  നക്കിത്തുടയ്ക്കാൻ പറ്റാത്ത ഇടങ്ങളിൽ കൈയെത്തിച്ചു തുടയ്ക്കുന്നതിനും ഇവയ്ക്കു കഴിയുന്നു. 

കാർപോർച്ചിൽ വച്ചിരിക്കുന്ന ടൂവീലറിന്റെ  സീറ്റ് ഇരുകൈകൾക്കൊണ്ടും  മാന്തിപ്പൊളിക്കുന്ന പൂച്ചകളെ കാണാത്തവരാര്? എന്തിനാണ് അവ അങ്ങനെ ചെയ്യുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ശരീരം വൃത്തിയാക്കുന്നതിനൊപ്പം തന്റെ പ്രധാന ആയുധങ്ങളിലൊന്നായ നഖം വൃത്തിയാക്കാനും അതിനു മൂര്‍ച്ച കൂട്ടാനുമുള്ള പണിയാണത്. പണി കിട്ടുന്നതു നമുക്കാണെന്നു മാത്രം.  ആവശ്യാനുസരണം പുറത്തേക്കും അകത്തേക്കും ചലിപ്പിക്കാവുന്ന നഖങ്ങളിൽ അടിഞ്ഞു കൂടിയ പഴയ കോശങ്ങളും അഴുക്കും മറ്റും നീക്കം ചെയ്യാൻ ഇതിലൂടെ ഇവർക്കു കഴിയുന്നു.

എത്ര നല്ല ഭക്ഷണം കൊടുത്താലും വീട്ടിലെ പാറ്റയെയും പല്ലിയെയും പിടിച്ചു തിന്നുന്ന ആക്രാന്തം കണ്ടാൽ ഇത്ര നാള്‍ പട്ടിണി കിടക്കുകയായിരുന്നവെന്നല്ലേ തോന്നൂ. എന്താണ് ഇങ്ങനെ? പൂച്ചകളുടെ ശരീരപ്രവർത്തനങ്ങൾ നന്നായി നടക്കാൻ വേണ്ട  അമിനോ അമ്ലമാണ് ടോറിൻ. ഇത് എല്ലാ ജീവികളിലും അടങ്ങിയിട്ടുണ്ട് എങ്കിലും ഒരു ജീവിയെ അല്ലെങ്കിൽ പ്രാണിയെ മുഴുവനായി തിന്നാൽ മാത്രമേ ആവശ്യമായ അളവിൽ ടോറിൻ ലഭിക്കുകയുള്ളൂ.

സ്വന്തമായി ഒരു മുറി

അങ്ങേയറ്റം സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് പൂച്ചകൾ. അലോസരപ്പെടുത്തുന്നതൊന്നും ഇല്ലാത്ത  ചെറിയ മുറി ഇവർക്കായി ഒരുക്കുന്നതു നന്ന്. മലമൂത്രവിസർജനം ചെയ്യുന്നതിനു  ലിറ്റർ ബോക്സ് മുറിയുടെ ഒരു ഭാഗത്ത്  ക്രമീകരിക്കാം. ഇത് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും യഥാസ്ഥാനത്തു  തിരികെ വയ്ക്കേണ്ടതുമാണ്.

പൂച്ചരോമം വയറ്റിൽ പോയാൽ ഭ്രാന്ത് പിടിക്കുമോ?

പൂച്ചയോട് അമിത സമ്പർക്കമുണ്ടാകുന്നവരിൽ മാനസ്സികവിഭ്രാന്തിയുടെ ചില ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതിൽ നിന്നാവാം ഇങ്ങനെയൊരു വിശ്വാസമുണ്ടായത്. ഇതിനും  ശാസ്ത്രീയ വിശദീകരണമുണ്ട്. പൂച്ചയുടെ ശരീരത്തിലുള്ള സൂക്ഷ്മാണുവാണ് ടോക്സോപ്ലാസ്മ. ഇത് പൂച്ചയുടെ വിസർജ്യത്തിലൂടെ പുറത്തുവരുന്നു. ഈ അണുക്കൾ മനുഷ്യരുടെ ശരീരത്തിൽ പ്രവേശിച്ചാൽ അത് തലച്ചോറില്‍ വീക്കമുണ്ടാക്കുകയും മാനസ്സിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.  അതിനാൽ പൂച്ചയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ അങ്ങേയറ്റം  ശുചിത്വം ശ്രദ്ധിക്കേണ്ടതുണ്ട്. ആന്തരിക, ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യം

ചില പൂച്ച സത്യങ്ങൾ

ഗർഭകാലം ശരാശരി 2 മാസം
കുഞ്ഞുങ്ങൾ കണ്ണ് തുറക്കാൻ 2 ആഴ്ച
പ്രായപൂർത്തിയാകാൻ  6 മാസം
കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടല്‍ 2 മാസം. 
പൂച്ചക്കണ്ണ് - കണ്ണുകളിലേക്ക് വെളിച്ചം പ്രവേശിക്കുന്ന പുപിൾ എന്ന ഭാഗം മറ്റു ജീവികളിൽനിന്നു വ്യത്യസ്തമായി കുത്തനെ ആയതിനാൽ  ക്യാമറയുടെ ഷട്ടർപോലെ വളരെ വേഗത്തിൽ പ്രകാശത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഇതിനു ചുറ്റുമുള്ള ഐറിസ് എന്ന ഭാഗത്തിനു നിറം നൽകുന്ന മെലാനിൻ കുറയുമ്പോഴാണ് മനുഷ്യരുടെ കണ്ണ് പൂച്ചക്കണ്ണാകുന്നത്. റോഡുകളിൽ രാത്രി  വെളിച്ചം പ്രതിഫലിക്കുന്നതിന് ഉറപ്പിച്ചിരിക്കുന്ന സ്റ്റഡ്ഡുകളും ഈ പേരിൽ അറിയപ്പെടാറുണ്ട്.



‍ഡോ. പി.ബിജു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only