പുതുപ്പാടി: കൃഷിയും കാർഷികവിളകളും നശിപ്പിക്കുന്ന കാട്ടുപന്നികൾ കൂടുതലുള്ള മേഖലകളെ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി കേരള സർക്കാർ കേന്ദ്ര ഗവൺമെൻറിന് സമർപ്പിച്ച ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽ പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ,പുതുപ്പാടി വില്ലേജുകളെ ഉൾപ്പെടുത്താത്തതിൽ പുതുപ്പാടി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്തിലെ മലയോര ജനവാസ കേന്ദ്രങ്ങളിൽ പന്നി ശല്യം അതീവ രൂക്ഷമാണ്. കാട്ടുപന്നികൾ പെറ്റുപെരുകി ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും അതീവ ഭീഷണിയായിട്ടുണ്ട്. കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികൻ ഈങ്ങാപ്പുഴക്ക് സമീപം കൊല്ലപ്പെട്ടത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.വസ്തുത ഇതായിരിക്കെ കുടിയേറ്റ മേഖലയായ പുതുപ്പാടി പഞ്ചായത്തിലെ വില്ലേജുകളെ ഉൾപ്പെടുത്താത്തത് ദുരൂഹമാണ്. അടിയന്തരമായി പ്രസ്തുത വിഷയത്തിൽ അധികാരികൾ ഇടപെടണമെന്നും ഈ മേഖലയെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കണമെന്നും കർഷകർക്ക് തന്നെ ക്ഷുദ്ര ജീവിയായ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുവാനുള്ള അധികാരം നൽകണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് സണ്ണി പുലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് ജോസ് ഉദ്ഘാടനം ചെയ്തു. ദേവസ്യ ചൊള്ളാമഠം, ബാബു എൻ.ജി,മോനി വൈലോപ്പിള്ളി,റഷീദ് ഉണ്ണികുളം,രാജൻ നെല്ലിമൂട്ടിൽ സംസാരിച്ചു.
Post a Comment