Feb 13, 2022

കണ്ണൂര്‍ ബോംബ് സ്ഫോടനം; നാലു പേര്‍ കസ്റ്റഡിയില്‍


കണ്ണൂർ തോട്ടടയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രധാന പ്രതികൾ കസ്റ്റഡിയിൽ. 4 പേരെയാണ് എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ നാലുപേരും ഏച്ചൂർ സ്വദേശികളാണ്. തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വൈകീട്ടാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമത് എറിഞ്ഞ ബോംബ് സംഘാംഗത്തിന്‍റെ തലയില്‍ പതിക്കുകയായിരുന്നു. ബോംബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു.

ഇന്നലെ സമീപപ്രദേശത്തെ ഒരു വിവാഹവീട്ടിലുണ്ടായ തർക്കങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നുണ്ടായ സംഘര്‍ഷം.വിവാഹവീട്ടിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ജീപ്പിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബോംബേറിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്താണ് ജിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only