Feb 21, 2022

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ പിന്നോട്ടില്ല; വൈകാൻ കാരണം കോവിഡ് - അമിത് ഷാ


പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കോവിഡ് സാഹചര്യം കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019 ഡിസംബർ 11 നാണ് സി.എ.എ പാർലമെന്റ് പാസ്സാക്കിയത്. അടുത്ത ദിവസം തന്നെ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സിഎഎയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാൽ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് സൗകര്യമൊരുക്കുന്ന നിയമമാണ് സി.എ.എ.

'നമ്മൾ ഇതുവരെ കോവിഡ്-19 ൽ നിന്ന് മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ സിഎഎയ്ക്ക് ഇപ്പോൾ മുൻഗണന നല്കാൻ സാധിക്കില്ല. നമ്മൾ ഇതുവരെ മൂന്ന് കോവിഡ് തരംഗങ്ങൾ കണ്ടു. ഭാഗ്യവശാൽ, ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ട് മൂന്നാം തരംഗവും പിൻവാങ്ങുകയാണ്. സിഎഎയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും അതിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല'-സിഎഎ എപ്പോൾ നടപ്പിലാക്കുമെന്ന ചോദ്യത്തിനാണ് അമിത് ഷാ ഇങ്ങനെ പ്രതികരിച്ചത്. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ജനുവരിയിൽ സിഎഎയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ രൂപീകരിക്കുന്നതിന് കൂടുതൽ സമയം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്ററി സമിതികളെ സമീപിച്ചിരുന്നു. സി.എ.എ അനുസരിച്ച് അർഹതയുള്ളവർക്ക് മാത്രമേ ഇന്ത്യൻ പൗരത്വം നൽകുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മാന്വൽ ഓൺ പാർലമെന്ററി വർക്ക് പ്രകാരം, നിയമനിർമ്മാണത്തിനുള്ള നിയമങ്ങൾ രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ രൂപപ്പെടുത്തേണ്ടതാണ്‌. അല്ലെങ്കിൽ സബ് ഓർഡിനേറ്റ് നിയമനിർമ്മാണം, ലോക് സഭ, രാജ്യസഭ എന്നിവ സംബന്ധിച്ച സമിതികളിൽ നിന്ന് കൂടുതൽ സമയം തേടേണ്ടതായിരുന്നു. സിഎഎ നിയമമാക്കി ആറു മാസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിന് നിയമങ്ങൾ രൂപപ്പെടുത്താൻ കഴിയാത്തതിനാൽ കമ്മിറ്റികളിൽ നിന്ന് പല തവണ സമയം തേടി. ആദ്യം 2020 ജൂണിലും തുടർന്ന് നാല് തവണയും സമയം നീട്ടി ആവശ്യപ്പെട്ടിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only