മുക്കം:ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു പി സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രോത്സവം വിജ്ഞാനവും കൗതുകവും പകരുന്നതായി.
നൂറിലധികം ശാസ്ത്ര പരീക്ഷണങ്ങളുമായാണ് ശാസ്ത്ര ദിനത്തെ വരവേറ്റത്. മൂന്നാം തരം മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികൾ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് അവതരിപ്പിച്ചത്. പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്ക് പുറമെ കൗതുകകരമായ പ്രദർശനങ്ങളും അവതരിപ്പിച്ചു. ഓരോ പരീക്ഷണങ്ങൾക്ക് പിന്നിലെയും ശാസ്ത്ര തത്വങ്ങൾ വിദ്യാർത്ഥികൾ കാണികൾക്ക് പരിചയപ്പെടുത്തി. ഓരോ ക്ലാസിലെയും മികച്ച പ്രകടനം കാഴ്ച വെച്ചവരിൽ നിന്നും ലിറ്റിൽ സയന്റിസ്റ്റുകളെയും തെരഞ്ഞെടുത്തു.
വിവിധ ക്ലാസുകളിൽ നിന്നായി ആദ്യശ്രീ , സയാൻ യു.കെ, ബാസിം പി, ജാസ്മിൻ ഇ,നിജിത്ത്,ഷഹന ഷെറിൻ,ഫാത്തിമ ഹെന്ന ഇ,അർജുൻ,അഭിനവ് എന്നിവരെയാണ് കുട്ടി ശാസ്ത്രജ്ഞരായി തെരഞ്ഞെടുത്തത്. ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
കുന്ദമംഗലം ബി.പി.സി. കെ ശിവദാസൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ആരിഫ സത്താർ, ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് ആശംസകൾ നേർന്നു. അബ്ദുസ്സലാം .എൻ.എ, റാഷിദ.പി., ഖദീജ നസിയ, ഷഫ്ന കെ.ടി, റിഷിന. കെ , അതുൽ മാത്യു, അബ്ദുൽ അസീസ് .കെ.സി നേതൃത്വം നൽകി.
Post a Comment