കോഴിക്കോട്: ക്രമാതീതമായി ചൂടുകൂടിയ സാഹചര്യത്തിൽ വിപണിയിൽ കോഴി ഇറച്ചി വിലയും ചൂടുപിടിക്കുന്നു. ഒരാഴ്ചകൊണ്ടു ജില്ലയിലും സമീപ ജില്ലാ അതിർത്തികളിലും ബ്രോയ്‌ലർ കോഴി ഇറച്ചിക്ക് 40 രൂപയുടെ വർധന ഉണ്ടായി.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കോഴി ഇറച്ചി വില 280 രൂപയോളം എത്തുമെന്നാണ് കോഴി കർഷകർ പറയുന്നത്. കഴിഞ്ഞ ആഴ്ച 1 കിലോ കോഴി ഇറച്ചിക്ക് 180 രൂപയായിരുന്നു. ഇന്നലെ 220 രൂപയ്ക്കാണ് കടകളിൽ വിൽപന നടന്നത്. വില കൂടിയത് കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ഹോട്ടൽ വ്യാപാരത്തെയും ബാധിച്ചു തുടങ്ങി.
വടക്കൻ കേരളത്തിലേക്കു ബ്രോയ്‌ലർ കോഴി വരുന്നത് മണ്ണാർക്കാട്, വണ്ടൂർ, നിലമ്പൂർ, കക്കാടംപൊയിൽ, മുക്കം എന്നിവിടങ്ങളിലെ കോഴി ഫാമുകളിൽ നിന്നാണ്. കൂടാതെ കുറഞ്ഞ തോതിൽ തമിഴ്നാട്ടിൽ നിന്നും എത്തുന്നുണ്ട്. കാലാവസ്ഥ മാറി ചൂടു കൂടിയതോടെ കർഷകർ ഉൽപാദനം കുറച്ചു. ഒപ്പം കോഴിത്തീറ്റ ചാക്കിന് 1,100 രൂപയുടെ വർധനയുമുണ്ടായി. ഇതു രണ്ടും മൂലം നിലവിലെ വിലയിൽ കോഴി വിൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായതായി കർഷകർ പറയുന്നു. കോഴിത്തീറ്റ തമിഴ്നാട്ടിലെ പൊള്ളാച്ചി, ഈറോഡ്, പല്ലടം എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് രണ്ടാഴ്ച മുൻപ് വരെ 1,300 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 2,400 രൂപയാണ് വില.
വളർച്ചയെത്തും മുമ്പേ ഫാമിൽ 5 ശതമാനം കോഴികൾ ചത്തു പോകും. എന്നാൽ ചൂടുകാലത്ത് ഇത് 20 ശതമാനത്തോളം വരും. ഈ സാഹചര്യത്തിൽ കൂടുകളിൽ കോഴികളുടെ എണ്ണം കുറച്ചാണ് വളർത്തുന്നത്. അതിനാൽ ഉൽപാദനത്തിൽ 30 ശതമാനം കുറവു വരുന്നതും വിലകൂടാൻ കാരണമാണെന്നു കർഷകർ പറയുന്നത്. കേരളത്തിൽ കോഴി ക്ഷാമം വന്നതോടെ തമിഴ്നാട്ടിൽ നിന്നും കൂടിയ വിലയ്ക്ക് കോഴി എത്തുന്നുണ്ട്. എന്നാൽ കൂടിയ വിലയിൽ കേരളത്തിലെ ചില മൊത്തക്കച്ചവടക്കാർ മാത്രമാണ് വാങ്ങുന്നത്.കോവിഡ് നിയന്ത്രണങ്ങൾ പിന്നിട്ട് ഹോട്ടൽ വ്യാപാരം സജീവമാകുന്നതിനിടെ കോഴി ഇറച്ചിക്ക് വില കൂടിയത് ഹോട്ടൽ വ്യാപാരികളെയും വെട്ടിലാക്കി. കോഴി വില കൂടിയാലും കോഴി വിഭവങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ വില കൂട്ടി വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ കോഴി വിഭവം ഒഴിവാക്കി കച്ചവടം നടത്തി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഹോട്ടൽ വ്യാപാരികൾ പറയുന്നു.
ചൂടു കൂടിയ സാഹചര്യത്തിൽ കൂട്ടിൽ വളർത്തുന്ന കോഴികളുടെ എണ്ണം കുറയ്ക്കും. ഇതുമൂലം ഉൽപാദനത്തിൽ ഗണ്യമായ കുറവു വരും. മാത്രമല്ല കോഴിത്തീറ്റയ്ക്കു ഒരു ചാക്കിന് 1,000 രൂപയിലേറെ വർധന ഉണ്ടായതിനാൽ നിലവിലെ വിലയ്ക്ക് ഫാമിൽ നിന്നും കോഴി വിൽക്കാൻ കഴിയില്ല. കോവിഡ് കാല പ്രതിസന്ധിയിൽ രണ്ടു വർഷത്തിനിടയിൽ ജില്ലയിൽ മാത്രം 140 കോഴി ഫാമുകളാണ് അടച്ചത്. ചൂടു കൂടി കോഴി ചത്തു പോകുന്നതിനാൽ വീടുകളിൽ കോഴി വളർത്തൽ പദ്ധതിയിലും ഉൽപാദനം കുറഞ്ഞിട്ടുണ്ട്
Post a Comment