Feb 14, 2022

ഒ.ടി.പി. കൈമാറിയാൽ വാട്‌സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും; സൂക്ഷിക്കണമെന്ന് പോലീസ്


കൊച്ചി: എസ്.എം.എസ്. മുഖേനയും ഫോൺകോൾ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

'വാട്സാപ്പ് സപ്പോർട്ട് സർവേ' എന്ന പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്. സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരിൽ വാട്സാപ്പ് രജിസ്ട്രേഷൻ പ്രോസസിങ്ങിനായുള്ള നടപടികൾ തട്ടിപ്പുകാർ ചെയ്തുതുടങ്ങും. ഇതിനിടെ, സർവേയെന്ന പേരിൽ ഫോണിൽ വന്നിരിക്കുന്ന ഒ.ടി.പി. പറയാൻ ആവശ്യപ്പെടും. വാട്ട്സാപ്പ് സപ്പോർട്ട് സർവേയുടെ ഭാഗമായി വിളിച്ചവരാണന്ന വിചാരത്തിൽ ഇത് ഉപയോക്താക്കൾ പറഞ്ഞുകൊടുക്കും.

ഒ.ടി.പി. ലഭിക്കുന്നതോടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാർ തങ്ങളുടെ നിയന്ത്രണത്തിലാക്കും. വാട്സാപ്പ് ഉപയോഗിച്ച് ഇവർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ഈ അക്കൗണ്ടുകൾ ഉപയോഗിക്കും. ഈ അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക സഹായവും ചോദിക്കും. അടുത്ത ബന്ധുവോ സുഹൃത്തോ സ്വന്തം വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് അത്യാവശ്യമായി സാമ്പത്തിക സഹായം ചോദിക്കുന്നതാണെന്നു കരുതി പലരും പണം കൈമാറും.

ഉപയോക്താവിന്റെ ഫോണിൽനിന്ന് മറ്റുള്ളവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചും, ഇവ സ്റ്റാറ്റസ് ഇട്ടുമെല്ലാം വ്യക്തിഹത്യ നടത്തും. തുടർന്ന് ബ്ലാക്ക്മെയിലിങ് തുടങ്ങും. അക്കൗണ്ട് തിരികെ നൽകണമെങ്കിൽ പണം വേണമെന്നറിയിക്കും. ഇത്തരം തട്ടിപ്പിൽ വീണെന്ന് തിരിച്ചറിഞ്ഞാൽ ഉടനെ വാട്സാപ്പിന്റെ കസ്റ്റമർ കെയറിൽ ഇ-മെയിൽ വഴി പരാതി നൽകണമെന്നാണ് പോലീസ് നിർദേശം. ഒ.ടി.പി. പറയാതിരിക്കുകയും സുരക്ഷയെ മുൻകരുതി 'വാട്സാപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ' ഓൺ ചെയ്ത് വെക്കുകയും വേണമെന്ന് പോലീസ് പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only