സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും വിദ്യാര്‍ത്ഥികളും വാഹനം ഓടിക്കുന്നതിനെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റും വിവിധ ജോയിന്റ് ആര്‍.ടി.ഒമാരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന കർശനമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് മാത്രം ആഴ്ചയില്‍ ഇത്തരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. വാഹനം ഓടിക്കുന്നത് പോലെ തന്നെ വാഹനം നല്‍കുന്ന ഉടമയും നിയമത്തിന്റെ പരിധിയില്‍ കുറ്റക്കാരാകും. കുട്ടികള്‍ വാഹനം ഓടിക്കുന്നത് കണ്ടാല്‍ ആ വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കും. 25,000 രൂപ പിഴയോ 3 മാസം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിലാണ് നിലവിലുള്ള നിയമം.
അദ്ധ്യാപകര്‍ക്കും ഭയപ്പാട്
വിലകൂടിയ ബൈക്കുകളാണ് വിദ്യാര്‍ത്ഥികള്‍ സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം ബൈക്കുകളുമായി സ്കൂളില്‍ എത്തരുതെന്ന് കുട്ടികളോട് പറയാന്‍ അദ്ധ്യാപകര്‍ക്ക് ഭയമാണ്. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പിന്നിലുണ്ടെന്നതാണ് കാരണമത്രെ. സംസ്ഥാനത്ത് ഭൂരിഭാഗം സ്കൂള്‍ പരിസരങ്ങളിലും കഞ്ചാവും മയക്കുമരുന്നും സുലഭമായി എത്തിക്കാന്‍ മയക്കുമരുന്ന് സംഘം വിദ്യാര്‍ത്ഥികളെയാണ് ഉപയോഗിക്കുന്നത്. ലഹരിവസ്തുക്കള്‍ വയ്ക്കുന്ന ബൈക്ക് ഇവര്‍ കുട്ടികള്‍ക്ക് നല്‍കും. ബൈക്ക് സൂക്ഷിക്കേണ്ട കടയുടെ പേരും പറഞ്ഞു കൊടുക്കും. വിദ്യാര്‍ത്ഥികള്‍ ഈ കടയുടെ മുന്നില്‍ ബൈക്ക് വെച്ചിട്ട് സ്കൂളില്‍ പോകുമ്പോള്‍ തിരക്ക് ഇല്ലാത്തസമയം നോക്കി മറ്റൊരു ബൈക്കില്‍ എത്തുന്നവര്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള മയക്കുമരുന്ന് കടക്കാരെ ഏല്‍പിച്ചു മടങ്ങും.
വിദ്യാര്‍ത്ഥികള്‍ വാഹനം ഓടിച്ചാല്‍...
പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ മാതാപിതാക്കളും വാഹന ഉടമയും കുടുങ്ങും. ഇവർ വാഹനം ഓടിച്ചു അപകടമുണ്ടായാല്‍ നഷ്ടപരിഹാരം വാഹനത്തിന്റെ ഉടമ നല്‍കണം. വിദ്യാര്‍ത്ഥികള്‍ വാഹനം ഓടിക്കുന്നത് അദ്ധ്യാപകരും സ്‌കൂള്‍ അധികൃതരും നിരുത്സാഹപ്പെടുത്തണം. ഒപ്പം അവരെ ബോധവൽക്കരണം നടത്തണം. വിദ്യാര്‍ത്ഥികളുടെ ഇരുചക്രവാഹന അപകടങ്ങൾ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അധികൃതർ പരിശോധന ശക്തമാക്കി. സ്കൂള്‍ പരിസരത്ത് സാധാരണ വേഷത്തിലാണ് പരിശോധനയ്ക്കായി അധികൃതർ എത്തുന്നത്. കുട്ടികള്‍ ഇരുചക്ര വാഹനങ്ങളിൽ എത്താതിരിക്കണമെങ്കില്‍ രക്ഷകര്‍ത്താക്കളും പി.ടി.എയുടെയും ശ്രദ്ധ അനിവാര്യമാണ്. പിടിക്കുന്ന വാഹനങ്ങള്‍ ഉടന്‍ പോലീസിന് കൈമാറും.
Post a Comment