Mar 18, 2022

ഗൂഗിൾപേ ചെയ്യാനായി നമ്പർ വാങ്ങി; വീട്ടമ്മയെ പിന്തുടർന്ന് പീഡനം; പ്രതി പിടിയിൽ


പാലായില് വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഫോൺ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളശ്ശ വേലംകുളം രാഹുൽ രാജീവ് (21) ആണു പിടിയിലായത്. 15നു രാത്രി ഏഴേകാലോടെയാണു സംഭവം.

ഗൂഗിൾ പേ ചെയ്യാനെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ രാഹുൽ കൈക്കലാക്കി. തുടർന്നു ഫോൺ വിളിച്ച് താമസസ്ഥലവും കുടുംബസാഹചര്യവും മനസ്സിലാക്കിയ പ്രതി കോട്ടയത്തു നിന്നു വീട്ടമ്മയെ ബസിൽ പിന്തുടർന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിനു മുൻപ് ഇറങ്ങിയ പ്രതി ഓട്ടോയിൽ ബസിനെ പിന്തുടർന്നു. ഇടവഴിയിലൂടെ വീട്ടിലേക്കു പോയ വീട്ടമ്മയെ പിന്നാലെ എത്തിയ പ്രതി അടുത്തുള്ള റബർത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വീട്ടമ്മ ബഹളം വയ്ക്കുകയും ഫോണിൽ നിന്നു ഭർത്താവിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഫോൺ പിടിച്ചുവാങ്ങി. ഇതിനിടെ ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരാണു രക്ഷപ്പെടുത്തിയത്. യുവാക്കൾ പ്രതിയെ റബർത്തോട്ടത്തിൽ തിരഞ്ഞെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു.

സംഭവസ്ഥലത്തു നിന്ന് ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി ഓട്ടോയിൽ അയർക്കുന്നത്ത് എത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്നു മദ്യപിച്ച പ്രതി ഫോൺ ഓഫ്‌ ചെയ്തു. ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പറഞ്ഞ പ്രതി ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെത്തി. പിന്നീട് അവിടെ നിന്നു നടന്നു വീട്ടിലെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയുടെ ഫോൺ നമ്പർ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഒളശ്ശയിലുള്ള വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തു. വീട്ടമ്മയുടെ ഫോണും ഊരി മാറ്റിയ സിമ്മും വീട്ടിൽ നിന്നു കണ്ടെത്തി. കോട്ടയത്തു നിന്ന് എത്തിയ സയന്റിഫിക് സ്ക്വാഡ് സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തി. എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ എം.ഡി.അഭിലാഷ്, എഎസ്ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷെറിൻ സ്റ്റീഫൻ, സി.രഞ്ജിത്ത് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only