തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബ് ചാനല്‍ വാര്‍ത്താ അവതാരകന്‍ അറസ്റ്റില്‍. ഇരുമ്പുപാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ വര്‍ഗ്ഗീയ വല്‍ക്കരിച്ച് പ്രചരിപ്പിച്ച കേസിലാണ് ബാദുഷയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വഴിമുക്ക് പച്ചിക്കോട്, നിസാം മന്‍സിലില്‍ നിസാം, ഭാര്യ ആന്‍സില, ഇവരുടെ രണ്ടു വയസ്സുള്ള മകന്‍ എന്നിവരെ സമീപവാസികള്‍ ആക്രമിക്കുകയും ഇതില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനെ 'ഡെമോക്രസി' എന്ന യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാദുഷയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനുമുമ്പും ബാദുഷയ്‌ക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസെടുത്തിരുന്നു. 2017-ല്‍ പൊലീസിനെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം വരുത്തിയതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതസ്പര്‍ധ വളര്‍ത്തല്‍, ഇലക്ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വാര്‍ത്ത പ്രചരിപ്പിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് ശ്രീകാന്ത്, സിെ. വിഎന്‍ സാഗര്‍, എസ്‌ഐ ടിപി സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
Post a Comment