എടപ്പാൾ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹത്തിനു നാലു ദിവസം മുൻപ് കാമുകന്റെ നിർദേശാനുസരണം സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ കാമുകന്റെ സഹോദരനെയും തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്ത പോലീസ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി വീട്ടുകാർക്ക് കൈമാറി. ചങ്ങരംകുളം സ്വദേശിയായ വിഷ്ണു (22), മഞ്ചേരി സ്വദേശി അഹമ്മദ് നാസിൻ (23) എന്നിവരെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പിതാവടക്കം പ്രതികളായ രണ്ടാമത്തെ കേസിൽ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നത്: രണ്ടു ദിവസം മുൻപ് 18 വയസ്സ് പൂർത്തിയായ ചങ്ങരംകുളം സ്വദേശിനിയുടെ വിവാഹം വീട്ടുകാർ ബുധനാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ മൂന്നു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെ നിർദേശാനുസരണം സുഹൃത്ത് ഇതിനുമുൻപേ പെൺകുട്ടിയെ വീട്ടിൽനിന്നിറക്കിക്കൊണ്ടുപോയി. വീട്ടുകാർ പോലീസിൽ പരാതി നൽകി.
യുവാവിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടി. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെയും കൂട്ടിക്കൊണ്ടുപോയ വിഷ്ണുവിനെയും സേലത്തുനിന്ന് പിടികൂടി. പോക്സോ പ്രകാരം കേസെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment