Mar 18, 2022

ഇലത്താളം' അക്ഷരോത്സവത്തിന് കാരശ്ശേരിയിൽ തുടക്കം


കോവിഡ് കാലത്തെ അടച്ചിടൽ മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട നൈപുണികൾ വീണ്ടെടുക്കുന്നതിന് ചതുർദിന അക്ഷരോത്സവത്തിന് തുടക്കമായി. എഴുത്തിലും വായനയിലുമുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് പുറമെ വിവിധ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയുമാണ് 'ഇലത്താളം' അക്ഷരോത്സവത്തിന്റെ ലക്ഷ്യം. 

കാരശ്ശേരി എച്ച്.എൻ.സി കെ എം എ യു പി സ്കൂൾ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി മാർച്ച് 19 ന് സമാപിക്കും.

അരങ്ങ് (നാടക പരിശീലനം ) ,താളം (കവിതാ രചന), കഥയിലൂടെ (കവിതാ രചന) ,കാൻവാസ് (ചിത്ര രചന) ,സ്നാപ് (ഫോട്ടോ /വീഡിയോ എഡിറ്റിംഗ് ), വായനോത്സവം എന്നിവയാണ് ഇലത്താളത്തിലെ മുഖ്യ ആകർഷകമായ പരിപാടികൾ. 

ഓരോ വിഷയത്തിലും താൽപര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സ്വന്തമായി രചനകൾ സൃഷ്ടിക്കും. കുട്ടികളുടെ കഥാ പതിപ്പുകൾ, കവിതാ സമാഹാരങ്ങൾ,  കുട്ടികളുടെ നാടകം, ചിത്ര ആൽബം , വീഡിയോ എന്നിവ ശിൽപശാലയിലൂടെ പുറത്തിറക്കും. മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി തുടർ പരിശീലനവും നൽകും.

വിവിധ സെഷനുകളിലായി എ.വി.സുധാകരൻ (റിട്ടയേർഡ് അധ്യാപകൻ) എ.അബൂബക്കർ ( പൂക്കാട് കലാലയം ) വിജീഷ് പരവരി (കഥാകൃത്ത് ) ഷിജു ഫെയ്മസ്, റിയാസ് . ടി തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ നീണ്ടു നിൽക്കുന്ന വായനോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കുട്ടികളോടൊപ്പം അമ്മവായന, കുടുംബ വായന, പുസ്തകാസ്വാദനം എന്നിവയിലൂടെ കുടുംബാംഗങ്ങളെ മുഴുവൻ അവധിക്കാലത്ത് വായനയിൽ ആകൃഷ്ടരാക്കാൻ ഇതിലൂടെ സാധിക്കും.

'ഇലത്താളം' അക്ഷരോത്സവത്തിൽ വീഡിയോ ഷൂട്ടിംഗ് നടത്തിക്കൊണ്ട് പി ടി എ വൈസ് പ്രസിഡന്റ് ടി. മധുസൂദനൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, ടി.പി.അബൂബക്കർ , മുഹമ്മദ് താഹ, റാഷിദ.കെ , ഫാത്തിമ ഹന്ന . ഇ , അവന്തിക, ലെസ്ലിയ സാദിഖ്, അർജുൻ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only